മാറിക്കോ... എന്ന് ഉച്ചത്തിൽ, പുറത്തേക്ക് കൈ കാണിച്ച് മിനി ലോറി ഡ്രൈവർ, പലരും വെട്ടിച്ചു മാറ്റി; വൻ ദുരന്തം ഒഴിവാക്കിയതിങ്ങനെ
Mail This Article
കാഞ്ഞിരപ്പള്ളി∙ ഇന്നലെ വൈകിട്ട് 6 മണി. ദേശീയ പാത 183ൽ കുരിശുങ്കൽ ജംക്‌ഷനിലേക്കുള്ള ഇറക്കത്തിലൂടെ തടിയുമായി അമിത വേഗത്തിൽ ഓടുന്ന മിനി ലോറിയുടെ ഡ്രൈവർ പുറത്തേക്ക് കൈ കാണിച്ച് മാറിക്കോ... എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നു. മുന്നിലും പിന്നിലും എതിർ ദിശയിലും വാഹനങ്ങൾ. പലരും വെട്ടിച്ചു മാറ്റി. ഇവയിലൊന്നും ഇടിക്കാതെ ലോറി വെട്ടിച്ച് റോഡിന്റെ എതിർ വശത്തുള്ള ടാക്സി സ്റ്റാൻഡിന്റെ ഷെഡിന്റെ തൂണിൽ ഇടിപ്പിച്ചു നിർത്തി. ഡ്രൈവർ വാഴൂർ പൂവത്തോലി വീട്ടിൽ മനോജ് (42) ഒരു നിമിഷം പതറിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നതു വൻ ദുരന്തമാണ്.
മിനി ലോറിയുടെ ബ്രേക്ക് ഇറക്കത്തിൽ നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായത്. കൊടുങ്ങൂരിൽനിന്നു വണ്ടിപ്പെരിയാറിലേക്ക് വിറകു തടികളുമായി പോയ മിനി ലോറിയാണ് അപകടത്തിൽപെട്ടത്. കുരിശുങ്കൽ ജംക്‌ഷനിലേക്കു പ്രവേശിക്കുന്ന ദേശീയ പാതയിലെ ഇറക്കത്തിലാണ് ലോറിയുടെ ബ്രേക്ക് പോയത്. ബ്രേക്ക് പോയ ശേഷം 150 മീറ്ററോളം ദൂരം ദേശീയ പാതയിലൂടെ മറ്റു വാഹനങ്ങളിൽ ഇടിക്കാതെ വെട്ടിച്ച് റോഡിനു വലതു വശത്തുള്ള കോൺക്രീറ്റ് തൂണിൽ ലോറിയുടെ വലതു വശം ഇടിപ്പിച്ചു നിർത്തുകയായിരുന്നു. അതിനാൽ ഡ്രൈവർ മനോജിനും പരുക്കേറ്റില്ല.
ഏറെ തിരക്കുണ്ടായിരുന്ന പാതയിൽ ഒട്ടേറെ വാഹനങ്ങളുണ്ടായിരുന്നു. ലോറി ഇടിപ്പിച്ചു നിർത്താൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ടൗണിലേക്ക് പ്രവേശിച്ച് കൂടുതൽ അപകടത്തിന് ഇടയാക്കുമായിരുന്നു.