സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ഇന്ന്; ആഘോഷം, ആഹ്ലാദം, അഭിമാനം...
Mail This Article
കോട്ടയം ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികപ്പുലരിയിൽ ജില്ലയും ആഘോഷത്തിമർപ്പിൽ. നഗരവീഥികൾ ത്രിവർണ പതാകയും വാദ്യഘോഷവും ഒക്കെയായി റാലികളെക്കൊണ്ടു നിറയും. ഭാരതാംബയുടെയും ഗാന്ധിജിയുടെയും വേഷമണിഞ്ഞ് എത്തുന്ന കുരുന്നുകൾ ഘോഷയാത്രയ്ക്കു മിഴിവേകും. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമെന്ന പ്രത്യേകതയും ഇന്നത്തെ സുദിനത്തിനുണ്ട്.
അതുകൊണ്ടുതന്നെ വിപുലമായ പരിപാടികളാണു ജില്ലയുടെ വിവിധ മേഖലകളിൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം വലിയ നിയന്ത്രണങ്ങളോടെയാണു പരിപാടികൾ നടത്തിയത്. പൊതുജനങ്ങൾക്കു പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം ജനപങ്കാളിത്തവും ഉറപ്പു വരുത്തിയാണു ജില്ലാ ഭരണകൂടം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലാതല ആഘോഷം
∙ ജില്ലാതല ആഘോഷച്ചടങ്ങുകൾ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ ദേശീയപതാക ഉയർത്തും. പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്നു കലാപരിപാടികളും അരങ്ങേറും. ജനപ്രതിനിധികൾ, കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ പങ്കെടുക്കും.
വിദ്യാർഥികളും ആവേശത്തിൽ
∙ സ്വാതന്ത്യ്രത്തിന്റെ 75–ാം വാർഷികത്തിൽ പങ്കുചേരുന്നതിന്റെ ആവേശത്തിലാണു വിദ്യാർഥികൾ. പ്രാദേശികതലത്തിൽ വലിയ റാലികളോടെയാണു സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടത്തുന്നത്. കോട്ടയം കാർമൽ ജിഎച്ച്എസ്, വൈക്കം ഗവ. ബോയ്സ് ഹൈസ്കൂൾ, ഏറ്റുമാനൂർ എസ്എഫ്എസ്എച്ച്എസ് എന്നീ സ്കൂളുകളാണു ജില്ലാതല പരിപാടികളിൽ ബാൻഡ് പ്ലാറ്റൂണിൽ പങ്കെടുക്കുന്നത്.
പരേഡിൽ 21 പ്ലറ്റൂണുകൾ
∙ പൊലീസ് -3, ഫോറസ്റ്റ് -1, എക്സൈസ് -1, അഗ്നിരക്ഷാസേന-1, എൻസിസി-4, സ്റ്റുഡന്റ് പൊലീസ് കെഡറ്റ് -3, സ്‌കൗട്സ് -2, ഗൈഡ്‌സ്-2, ജൂനിയർ റെഡ് ക്രോസ്-1, ബാൻഡ് സെറ്റ് -3 എന്നിങ്ങനെ 21 പ്ലറ്റൂണുകളാണു പരേഡിൽ പങ്കെടുക്കുക. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി.അനൂപ് കൃഷ്ണയാണു പരേഡ് കമാൻഡർ.
അമേരിക്കയിലും ഇന്ത്യ
കോട്ടയം ∙ അമേരിക്കയിൽ ഒരു ഇന്ത്യ ഉണ്ട്. അന്നോറ ഇന്ത്യ സാബു. കോട്ടയം സ്വദേശി ബെഞ്ജിത് സാബുവിന്റെയും– കീഗനിന്റെയും മൂത്ത മകളാണ് ഈ അഞ്ചുവയസ്സുകാരി. ജന്മനാടിന്റെ ഓർമ നെഞ്ചോടു ചേർക്കാനാണു കോട്ടയം അടിച്ചിറ തൈപ്പറമ്പിൽ ബെഞ്ജിത് സാബു തന്റെ മകൾക്ക് ഇന്ത്യ എന്നു പേരിട്ടത്. അമേരിക്കക്കാരിയായ കീഗനിനും ഇന്ത്യ എന്നാൽ ജീവനാണ്.
കീഗനിന്റെ ആഗ്രഹപ്രകാരമാണ് ഇവരുടെ വിവാഹം കോട്ടയം പേരൂരിൽ നടത്തിയതും. സ്കൂളിൽ ചേർത്തപ്പോൾ പേര് അൽപം പരിഷ്കരിച്ചെങ്കിലും ഇന്ത്യയെ വിട്ടില്ല. വീട്ടുകാർക്കും നാട്ടുകാർക്കും ഇപ്പോഴും അവൾ ഇന്ത്യയാണ്. എല്ലാ സ്വാതന്ത്യദിനത്തിനും ഇന്ത്യയ്ക്കു മധുരം നൽകിയാണു മാതാപിതാക്കൾ ആഘോഷിക്കുന്നത്. സെപ്റ്റംബർ 30 ആണ് ‘അമേരിക്കയിലെ ഇന്ത്യ’യുടെ ജന്മദിനം.
സ്വാതന്ത്ര്യത്തിനൊപ്പം ത്രേസ്യാമ്മയ്ക്കും 75–ാം പിറന്നാൾ
പാലാ ∙ സ്വാതന്ത്ര്യത്തിന്റെ 75-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യത്തിനൊപ്പം പിറക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊല്ലപ്പള്ളി നെല്ലംകുഴിയിൽ ത്രേസ്യാമ്മ ചെറിയാൻ. മുണ്ടുപാലം പാവനയിൽ പരേതരായ ജേക്കബ്-മേരി ദമ്പതികളുടെ മൂന്നാമത്തെ മകളായി 1947 ഓഗസ്റ്റ് 15നാണ് ത്രേസ്യാമ്മയുടെ ജനനം. 1965 ജനുവരി 25നു നെല്ലംകുഴിയിൽ ചെറിയാൻ മാത്യു ത്രേസ്യാമ്മയെ വിവാഹം കഴിച്ചു.
സാബു, സജി, പരേതയായ നോളി എന്നിവരാണു മക്കൾ. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിനൊപ്പം ത്രേസ്യാമ്മയുടെ 75-ാം പിറന്നാളും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു മക്കളും മരുമക്കളും കൊച്ചുമക്കളും സുഹൃത്തുക്കളും. നാടിന്റെ ആഘോഷത്തിനു മാറ്റുകൂട്ടാൻ ജോസ് കെ.മാണി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നെല്ലംകുഴിയിൽ വീട്ടിലെത്തും.
രാജ്യത്തിനൊപ്പം ദുമ്മിനിക്കും പിറന്നാൾ മധുരം
പൊൻകുന്നം ∙ രാജ്യം ഓരോ വർഷവും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ റിട്ട. അധ്യാപകൻ തെക്കേത്തുകവല പാമ്പൂരിക്കൽ പി.സി.ദുമ്മിനിക്കും കുടുംബത്തിനും മറ്റൊരു ആഘോഷം കൂടിയുണ്ട്. 1947 ഓഗസ്റ്റ് 15നു ജനിച്ച പി.സി.ദുമ്മിനിയുടെ പിറന്നാൾ ആഘോഷമാണത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ പി.സി.ദുമ്മിനിയും 75ന്റെ നിറവിലാണ്.
ഈ അഭിമാന നിമിഷത്തിൽ ജന്മദിനം ആഘോഷിക്കുന്നതിന്റെ ആഹ്ലാദത്തിലാണു പാമ്പൂരിക്കൽ വീട്. നെടുങ്കാവുവയൽ ഗവ. യുപി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച ദുമ്മിനി ഇപ്പോഴും കൃഷിജോലികളിൽ സജീവമാണ്. പനച്ചേപ്പള്ളി ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപികയായി വിരമിച്ച സി.വി.ത്രേസ്യാമ്മയാണു ഭാര്യ. മക്കൾ: സാവിയോ ഡൊമിനിക്, ഡോണ മരിയ.