2018 ലെ മഹാപ്രളയം കിടങ്ങൂരിനു സമ്മാനിച്ച ബീച്ചാണ് ഇത്; 200 മീറ്റർ നീളത്തിൽ 20 മീറ്റർ വീതിയിൽ മണൽതിട്ട
Mail This Article
കിടങ്ങൂർ ∙ മീനച്ചിലാറ്റിൽ പ്രളയം നിർമിച്ച ബീച്ച് ഓണത്തിന് ഒരുങ്ങുന്നു. കിടങ്ങൂർ കാവാലിപ്പുഴക്കടവ് മിനി ബീച്ചാണ് ഓണക്കാലത്ത് സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുന്നത്. 2018 ലെ മഹാപ്രളയം കിടങ്ങൂരിനു സമ്മാനിച്ച ബീച്ചാണ് ഇത്. നല്ല പഞ്ചാരമണലാണ് ആറ്റുതീരത്ത് അടിഞ്ഞത്. ഇത്തവണത്തെ വെള്ളപ്പൊക്കത്തിലും കടവിൽ മണൽ അടിഞ്ഞിട്ടുണ്ട്. 200 മീറ്റർ നീളത്തിൽ 20 മീറ്റർ വീതിയിലാണ് മണൽതിട്ട. ഇവിടെ കുട്ടികൾക്ക് ഓടിക്കളിക്കാം.
10 അടി ദൂരം വരെ അപകടമില്ലാതെ ആറ്റിൽ ഇറങ്ങാനും സാധിക്കും. കാടു വെട്ടിത്തെളിച്ചും ഊഞ്ഞാലിട്ടുമാണ് ഓണത്തെ വരവേൽക്കാൻ പ്രദേശത്തെ അണിയിച്ചൊരുക്കുന്നത്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യം മാറ്റി. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ ഇവിടം സന്ദർശിച്ചിട്ടുണ്ട്. വിവാഹ ഫൊട്ടോഗ്രഫർമാരുടെ ഇഷ്ട ലൊക്കേഷനാണ് കാവാലിക്കടവ്. ഒട്ടേറെ സിനിമകളിലും പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്. സാംസ്കാരിക പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രമേഷ് കിടങ്ങൂർ പറയുന്നു. കാവാലിപ്പുഴക്കടവിന് സ്വന്തമായി ഒരു ബ്രാൻഡ് അംബാസഡറുമുണ്ട്; സിനിമാ താരം മീനാക്ഷി.
കാവാലിപ്പുഴക്കടവിൽ എത്താൻ
കിടങ്ങൂർ - അയർക്കുന്നം റോഡിൽ സുബ്രഹ്മണ്യ ക്ഷേത്രം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് ചെമ്പിളാവ് റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഉത്തമേശ്വരം ക്ഷേത്രം കാണാം. ക്ഷേത്രം കഴിഞ്ഞ് 100 മീറ്റർ മുന്നോട്ടുനീങ്ങിയാൽ ഇടത്തോട്ടുള്ള റോഡ് വഴി 700 മീറ്റർ പിന്നിട്ട് കടവിലെത്താം
പാലാ - കിടങ്ങൂർ റോഡ് പാലായിൽ നിന്ന് കിടങ്ങൂർ എത്തുന്നതിനു തൊട്ടു മുൻപ് സ്പീഡ് റഡാർ പോസ്റ്റിന് സമീപത്തുനിന്ന് ഇടത്തോട്ടുള്ള റോഡിൽ 80 മീറ്റർ ചെന്നാൽ ബീച്ചിന്റെ എതിർവശത്തുള്ള കടവിൽ എത്തും. അവിടെ നിന്നു കടത്തുവള്ളത്തിൽ അക്കരെയെത്താം.(ഞായർ ഒഴികെ).