പ്രേം നസീറിന്റെ 111–ാം നമ്പർ മുറി, കോട്ടയത്ത് എത്തിയാൽ നിർബന്ധം; നഗരസഭാ ഗെസ്റ്റ് ഹൗസ് പൊളിക്കുമ്പോൾ...
Mail This Article
കോട്ടയം ∙ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ നഗരസഭാ ഗെസ്റ്റ് ഹൗസ് പൊളിക്കാൻ തീരുമാനം. ബോട്ട് ജെട്ടി റോഡിൽ എക്സൈസ് ഓഫിസിന് സമീപം പഴയ ബ്ലോക്ക്, പുതിയ ബ്ലോക്ക് എന്നിങ്ങനെ രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ പഴയ ബ്ലോക്കാണ് ഗെസ്റ്റ്ഹൗസായി പ്രവർത്തിച്ചിരുന്നത്. ഭിത്തികൾ വിണ്ടു കീറി, കോൺക്രീറ്റ് പാളികൾ ഇളകി വീഴാറായ നിലയിലാണ് കെട്ടിടം.
വലിയ ആൽമരങ്ങൾ പടർന്നു പന്തലിച്ചതും അപകട സാധ്യത കൂട്ടി. പുതിയ ബ്ലോക്കിൽ കൃഷി ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പഴയ കെട്ടിടം നിലംപൊത്തിയാൽ പുതിയ കെട്ടിടത്തിനും ഭീഷണിയാകും.പരാതി ഉയർന്ന സാഹചര്യത്തിലാണു നടപടി. അക്ഷര നഗരിയിലെ ആദ്യ ഗെസ്റ്റ് ഹൗസ് നിലം പൊത്തുമ്പോൾ ഓർമയാകുന്നത് ചില ചരിത്ര സന്ദർഭങ്ങൾ കൂടിയാണ്
രാഷ്ട്രീയ ചർച്ചകളുടെ വേദി
കോട്ടയത്തെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെതന്നെ പല പ്രധാനപ്പെട്ട ചർച്ചകൾക്കും വേദിയായിരുന്നു ഗെസ്റ്റ് ഹൗസ്. അന്ന് കോട്ടയത്തെ മുതിർന്ന നേതാക്കളെ കാണണമെങ്കിൽ ഗെസ്റ്റ് ഹൗസിൽ എത്തണമായിരുന്നു. കേന്ദ്ര സംസ്ഥാന നേതാക്കൾ മിക്കവരും ഇവിടെയായിരുന്നു താമസം. എ.കെ ആന്റണി, വയലാർ രവി തുടങ്ങി ഒട്ടേറെ നേതാക്കളാണ് അന്ന് ഇവിടെ താമസിച്ചിരുന്നത്.കെട്ടിടം പൊളിച്ചുമാറ്റുമെന്നും സർവേ റിപ്പോർട്ടു തയാറായിട്ടുണ്ടെന്നും നഗരസഭാ ഉപാധ്യക്ഷൻ ബി.ഗോപകുമാർ പറഞ്ഞു. എസ്റ്റിമേറ്റ് ലഭിച്ചാൽ ഉടൻ ടെൻഡർ വിളിക്കും. കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ബാക്കി നടപടി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രേം നസീറിന്റെ 111–ാം നമ്പർ മുറി
ഓർമയാകുന്നത് നിത്യഹരിത നായകൻ പ്രേം നസീറിന്റെ 111–ാം നമ്പർ മുറിയും. കോട്ടയത്ത് എത്തിയാൽ താമസിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തിരുന്നത് നഗരസഭാ ഗെസ്റ്റ് ഹൗസാണ്. 111 ാം നമ്പർ മുറി വേണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. നസീർ എത്തിയാൽ വാർത്ത കാട്ടുതീ പോലെ പരക്കും. സിനിമാക്കാരുടെയും ആരാധകരുടെയും വലിയ തിരക്കായിരുന്നു ഇവിടെ. ഒട്ടേറെ സിനിമ ചർച്ചകൾക്ക് വേദിയായ മുറി പല തവണ വെള്ളിത്തിരയിലും മുഖം കാണിച്ചിട്ടുണ്ട്. ഷീല, കെ.പി .ഉമ്മർ, അടൂർ ഭാസി, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി.പിള്ള തുടങ്ങിയ താരങ്ങളും അണിയറ പ്രവർത്തകരും ഗെസ്റ്റ് ഹൗസിലെ താമസക്കാരായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച സിനിമ, നാടക നടൻ ഡി. ഫിലിപ് 4 വർഷം ഇവിടെ താമസിച്ചിരുന്നു.