ADVERTISEMENT

കോട്ടയം∙ തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഒഴിപ്പിക്കുന്നതിനു നഗരസഭ തയാറാക്കിയ ‘പ്ലാൻ ബി’ യും പൊളിഞ്ഞു. ഹൈക്കോടതി ഉത്തരവു പ്രകാരം കെട്ടിടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘം വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്നു പിൻവാങ്ങി. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഒഴിപ്പിക്കൽ നടപടിക്കായി നഗരസഭാ സെക്രട്ടറി ഇൻ ചാർജ് അനില അന്ന വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം തിരുനക്കരയിൽ എത്തിയത്.

നടപടികൾ പൂർത്തിയാക്കുന്നതിനു നഗരത്തിൽ ഗതാഗത നിയന്ത്രണവും പൊലീസ് സേവനവും ഉറപ്പാക്കിയിരുന്നു. കട പൂട്ടി സീൽ ചെയ്യുകയോ ഷോപ്പിങ് കോംപ്ലക്സ് വേലി കെട്ടി തിരിച്ചു ബോർഡ് സ്ഥാപിക്കുകയോ ആയിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യം. എന്നാൽ, വിവരം മുൻകൂട്ടി അറിഞ്ഞ വ്യാപാരികൾ ശക്തമായ പ്രതിരോധം തീർത്തു. അരമണിക്കൂർ നീണ്ട വാദപ്രതിവാദത്തിന് ഒടുവിൽ ഉദ്യോഗ സംഘം മടങ്ങി. ഇതു രണ്ടാം തവണയാണു നടപടി പൂർത്തിയാക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ മടങ്ങുന്നത്.

പ്ലാൻ പരാജയപ്പെട്ടത് ഇങ്ങനെ

ആദ്യശ്രമം പരാജയപ്പെട്ടതിനാൽ രഹസ്യ സ്വഭാവം നിലനിർത്തിയാണ് നഗരസഭ ‘പ്ലാൻ ബി’ തയാറാക്കിയത്. ഒഴിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കെട്ടിടം വേലി കെട്ടി തിരിച്ചു ബോർഡ് സ്ഥാപിക്കാനായിരുന്നു തീരുമാനം. കൗൺസിൽ അംഗങ്ങളെ പോലും വിവരമറിയിച്ചില്ല. എന്നാൽ, രാവിലെ നഗരസഭയുടെ പദ്ധതി എങ്ങനെയോ ചോർന്നു. ഇതോടെ വ്യാപാരികൾക്കു മുൻകരുതൽ എടുക്കാൻ സമയം ലഭിച്ചു.

കഴിഞ്ഞ തവണത്തേതു പോലെ ഉദ്യോഗസ്ഥ സംഘം കാൽനടയായി എത്തുമെന്നാണ് എല്ലാവരും കരുതിയത്. അതുകൊണ്ടു തന്നെ പ്രതിഷേധ യോഗത്തിനു ശേഷം നഗരസഭാ റോഡിൽ കേന്ദ്രീകരിക്കാനായിരുന്നു വ്യാപാരികളുടെ തീരുമാനം. ഉദ്യോഗസ്ഥരെ റോഡിൽ തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ, സർക്കാർ വാഹനത്തിലാണു പോകുന്നതെന്നു സെക്രട്ടറി അറിയിച്ചു.

നഗരസഭയ്ക്കു സമീപത്തുള്ള കെട്ടിട സമുച്ചയത്തിലേക്ക് ഉദ്യോഗ സംഘം നഗരം ചുറ്റിയാണ് എത്തിയത്. ഈ സമയം വ്യാപാരികളുടെ പ്രതിഷേധ യോഗം നടക്കുകയായിരുന്നു. ഇവരുടെ കണ്ണു വെട്ടിച്ചാണു സംഘം അകത്തു കടന്നത്. വിവരമറിഞ്ഞ വ്യാപാരികൾ പ്രതിഷേധവുമായി അങ്ങോട്ടെത്തി.

നഗരസഭയുടെ രഹസ്യ നീക്കം ചൊവ്വ രാത്രി 9നാണു വ്യാപാരികൾ അറിയുന്നത്. ഉടൻ തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.കെ.തോമസു കുട്ടിയെ വിവരം അറിയിച്ചു. കോഴിക്കോട്ട് ആയിരുന്ന അദ്ദേഹം നേരെ കോട്ടയത്തേക്കു തിരിച്ചു. 9.30നു ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കരുടെ നേതൃത്വത്തിൽ ജില്ലയിലെ നേതാക്കളുമായി ചർച്ച.

ശേഷം പ്രതിരോധിക്കാൻ തീരുമാനം. 10.30നു പ്ലക്കാർഡും ഫ്ലെക്സ് ബോർഡും തയാറാക്കി. 11നു തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ് ഓണേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗം ചേർന്നു പ്രതിഷേധത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്തി.

പ്രതിഷേധിച്ചു

തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നഗരസഭാ നടപടിയിൽ വ്യാപാരികൾ പ്രതിഷേധിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസ്കുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, തോമസ് ചാഴികാടൻ എംപി, നഗരസഭാംഗങ്ങളായ ഷീജ അനിൽ, സി.എൻ.സത്യനേശൻ, ജിബി ജോൺ, കോട്ടയം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ.ഖാദർ ഹാജി, സാബു പുളിമൂട്ടിൽ, ടി.ജി. സാമുവൽ, ശശികുമാർ, ശിവ ബൈജു, സി.എ.ജോൺ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com