തുഴയെറിയാനൊരുങ്ങി ചുണ്ടൻവള്ളങ്ങൾ: മീശ വടിക്കാമെന്നും തല മൊട്ടയടിക്കാമെന്നും പന്തയം, എവിടെച്ചെന്നാലും വള്ളംകളി
Mail This Article
കുമരകം ∙ നെഹ്റു ട്രോഫി ജലോത്സവത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണു ചുണ്ടൻവള്ളങ്ങൾ. കുമരകത്തെ 5 ചുണ്ടൻ വള്ളങ്ങളും കരയ്ക്കു കയറ്റി. ഇന്നു പകലും രാത്രിയും ചുണ്ടൻ തടിയുണക്കി പോളിഷ് അടിക്കും. തടിയുണക്കുന്നതിനു വേണ്ടി ശക്തി കൂടിയ ലൈറ്റുകൾ ചുണ്ടന്റെ നീളത്തിനൊപ്പം തെളിക്കും.
വള്ളത്തിലെ ഈർപ്പം മാറിയാൽ പോളിഷ് അടിക്കും. ചുണ്ടൻ വെള്ളത്തിലൂടെ തെന്നി നീങ്ങുന്നതിനാണു പോളിഷ്. ഒരു ചുണ്ടന്റെ ഒരുക്കത്തിന് 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ചെലവാകും. നെഹ്റു ട്രോഫി മത്സരവള്ളം കളി നടക്കുന്ന നാളെ രാവിലെ ചുണ്ടൻ നീറ്റിലിറക്കും. പുന്നമടയിലേക്കു ബോട്ടിൽ കെട്ടിവലിച്ചാണു ചുണ്ടൻ വള്ളങ്ങൾ കൊണ്ടുപോകുക.
പന്തയം
∙ കുമരകത്ത് ഇനി പന്തയത്തിന്റെ ദിവസങ്ങൾ. പരിശീലനത്തുഴച്ചിൽ കഴിഞ്ഞതോടെ വള്ളംകളി പ്രേമികൾ തമ്മിൽ വാതുവയ്പും പന്തയവും തുടങ്ങി. വള്ളങ്ങളുടെ പരിശീലനത്തുഴച്ചിൽ കണ്ടു വിലയിരുത്തിയാണ് ആരാധകർ പന്തയം വയ്ക്കുന്നത്. കുമരകത്തു നാലാളു കൂടുന്നിടത്ത് എവിടെച്ചെന്നാലും വള്ളംകളിയാണു ചർച്ചാവിഷയം. കള്ളുഷാപ്പുകളിലാണു ചർച്ചയെങ്കിൽ കള്ളാകും പന്തയത്തിലെ സമ്മാനം. മീശ വടിക്കാമെന്നും തല മൊട്ടയടിക്കാമെന്നുമൊക്കെ പന്തയങ്ങളുണ്ട്.
മത്സരരംഗത്തുള്ള ചുണ്ടൻമാർ
∙ കുമരകത്തു നിന്നു വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെൻത്, എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി, സമുദ്ര ബോട്ട് ക്ലബ്ബിന്റെ ജവാഹർ തായങ്കരി എന്നീ ചുണ്ടൻവള്ളങ്ങളാണു മത്സരരംഗത്തുള്ളത്.
2019ലെ നെഹ്റു ട്രോഫി മത്സരത്തിൽ തുഴഞ്ഞു ചാംപ്യൻസ് ബോട്ട് ലീഗിൽ പ്രവേശിച്ച ചുണ്ടൻ വള്ളങ്ങളാണു ജവാഹർ തായങ്കരി ഒഴികെയുള്ളവ. ഹീറ്റ്സിൽ ഫിനിഷ് ചെയ്യുന്ന സമയം എത്രയെന്ന് അറിയുമ്പോൾ വിജയം ആരുടെ കൂടെയെന്നു ഏതാണ്ട് ഉറപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണു പന്തയക്കാർ.