ADVERTISEMENT

കോട്ടയം ∙ കെഎസ്ആർടിസി  സ്റ്റാൻഡിൽ പൂർത്തിയാകുന്നത് ഒരു നിലയുള്ള കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സംവിധാനങ്ങളും. 5,000 ചതുരശ്രയടി യാഡ് ഉൾപ്പെടെ 6,000 ചതുരശ്ര അടിയിലാണ് ടെർമിനലിന്റെ നിർമാണം. മുൻപ് ഇരുനിലയിലായിരുന്ന കെട്ടിടം പൊളിച്ചാണ് കാത്തിരിപ്പു കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും നിർമിക്കുന്നത്. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.91 കോടി രൂപ അനുവദിച്ചാണ് നിർമാണം.  മിനുക്കുപണികളാണു ശേഷിക്കുന്നത്. തറയോടു പാകലാണ് ഇപ്പോൾ നടക്കുന്നത്. 4,000 ചതുരശ്ര മീറ്ററിലാണു തറയോടു പാകുന്നത്. കാലാവസ്ഥ അനുകൂലമായാൽ 25നു  പണി പൂർത്തിയാക്കാൻ കഴിയുമെന്ന് കരാർ കമ്പനി അധികൃതർ പറയുന്നു. 

പ്രവേശന കവാടം മാറും

ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രവേശന കവാടം മാറും. തിയറ്റർ റോഡിലൂടെ പ്രവേശിക്കുന്ന തരത്തിലാണ് പുതിയ ക്രമീകരണം. പഴയ ശുചിമുറി പൊളിച്ചുനീക്കും.  ബസുകൾ അതുവഴി ടെർമിനലിന്റെ മുന്നിലെത്തും.  ഇപ്പോൾ കയറി വരുന്ന ഭാഗത്തുകൂടി പുറത്തേക്കു പോകും. 

പഴയ കെട്ടിടം ഓഫിസാകും

നവീകരിച്ച ബസ് ടെർമിനൽ പ്രവർത്തനം ആരംഭിച്ചാലും പഴയ കെട്ടിടം ഉപേക്ഷിക്കില്ല. ഇത് ഓഫിസായി തുടരും. ടിക്കറ്റ് ആൻഡ് ക്യാഷ്, ഓപ്പറേറ്റിങ് ഓഫിസ്, കണ്ടക്ടർ ഡ്രൈവർ, മെക്കാനിക് ജീവനക്കാരുടെ മുറികൾ എന്നിവ ഇവിടെ  പ്രവർത്തിക്കും.

സ്റ്റാൻഡ് പരിസരം മനോഹരമാക്കും‍

കുഴിയും ചെളിയുമായി കിടക്കുന്ന ബസ് സ്റ്റാൻഡ് പരിസരം മുഴുവൻ തറ ഓട് പാകി മനോഹരമാക്കും.     ടാറിങ് ഇളകി കുഴി രൂപപ്പെടുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. 2 ഘട്ടമായാണ് ഈ ജോലികൾ ചെയ്യുന്നത്.    ടെർമിനലിന്റെ മുൻപിലെ ജോലികൾ പൂർത്തിയാകുമ്പോൾ ബസുകൾ അങ്ങോട്ടു മാറ്റും. തുടർന്ന് നിലവിൽ ചെളിയായി കിടക്കുന്ന ഭാഗം നിരപ്പാക്കും. റോളർ സംവിധാനം ഉപയോഗിച്ച് ബലപ്പെടുത്തും. ശേഷമാകും ഈ ഭാഗത്ത് തറയോടുകൾ പാകുന്നത്.

സൗകര്യങ്ങൾ ഇങ്ങനെ

ഒരേസമയം 10 ബസുകൾ നിരയായി ടെർമിനലിന്റെ മുൻപിൽ പാർക്ക് ചെയ്യാനാവും. സ്റ്റാൻഡിലെത്തുന്ന മറ്റ് ബസുകളുടെ പാർക്കിങ് ടെർമിനലിന്റെ മറുവശത്താണ്. പുറപ്പെടുന്ന ബസുകൾ മാത്രമാണ് ടെർമിനലിന്റെ മുൻപിൽ എത്തുക. യാത്രക്കാർക്ക് ടെർമിനലിൽ നിന്നു ബസിന്റെ ബോർഡ് കാണാനാവും. 

പുതിയ കെട്ടിടത്തിലുള്ളത്

അന്വേഷണ വിഭാഗം, സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, കൺട്രോളിങ് ഇൻസ്പെക്ടർ, സെക്യൂരിറ്റി ഓഫിസ്, പൊലീസ് എയ്ഡ് പോസ്റ്റ്, കോഫി ഷോപ്പ്, ബുക് സ്റ്റാൾ, 16 ശുചിമുറികൾ, യാത്രക്കാരുടെ വിശ്രമമുറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com