ഫണ്ട് അനുവദിച്ചിട്ടും പണി മുടങ്ങി പാമ്പാടി മേഖലയിലെ വിവിധ റോഡുകൾ
Mail This Article
പാമ്പാടി ∙ ഫണ്ട് അനുവദിച്ചിട്ടും പണികൾ വൈകുന്ന കിടക്കുന്ന ഗതികേടിലാണ് പാമ്പാടി മേഖലയിലെ വിവിധ റോഡുകൾ. പാമ്പാടി – കൂരോപ്പട റോഡ് പൂർണ തകർച്ചയിലാണ്. റോഡിന്റെ അരികു വശം കെട്ടുന്ന ജോലി ഏതാനും സ്ഥലത്തു തുടങ്ങി. കുഴികളിൽ ചാടി യാത്രക്കാരുടെ നടു ഒടിയുന്നു.
∙ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ് ഫണ്ട് അനുവദിച്ച ഒറവയ്ക്കൽ –കൂരാലി റോഡിന്റെ പണി ഇതുവരെ തുടങ്ങിയില്ല. റോഡ് പൂർണ തകർച്ചയിലാണ്. പണി ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ ഇനി കണ്ടെത്തണം. അടുത്തയിടെ റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിനായി 3 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. പൈപ്പ് ലൈനിന്റെ പണി തീർന്നാൽ നിർമാണം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ ഇതുവരെ ഈ റോഡിൽ ഉണ്ടായത് ഇരുപതിലേറെ അപകടങ്ങളാണ് .
∙പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബർ സ്ഥിതി ചെയ്യുന്ന പാമ്പാടി ദയറയിലേക്കുള്ള റോഡ് പൂർണ തകർച്ചയിലായിട്ട് മാസങ്ങളായി. തീർഥാടകർ ഉൾപ്പെടെ ബുദ്ധിമുട്ടുന്നു. കോളജ്, സ്കൂളുകൾ, പള്ളികൾ എന്നിവയുള്ള റൂട്ടാണിത്.
∙ചേന്നംപള്ളി – കങ്ങഴ റോഡ് ഫണ്ട് അനുവദിച്ചു പല തവണ ടെൻഡർ വിളിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആളില്ല. റോഡിന്റെ അവസ്ഥ ദയനീയം.
∙ ഗ്രാമസേവിനി ജംക്‌ഷൻ – നെന്മല– കുമ്പന്താനം– കങ്ങഴ റോഡ് അക്ഷരനഗരി പൂങ്കാവനം റോഡ് എന്ന പേരിൽ ബജറ്റിൽ 2 തവണ ഇടം തേടിയിട്ടും ഫണ്ട് അനുവദിക്കാതെ കിടക്കുന്നു. നിലവിലെ ടാറിങ് പുനരുദ്ധാരണത്തിനും ഫണ്ട് അനുവദിച്ചെങ്കിലും ഇതും കരാർ ഏറ്റെടുക്കാതെ കിടക്കുന്നു.
∙ ഓർവയൽ – പൊത്തൻപുറം റോഡ്, എട്ടാംമൈൽ – പറുതലമറ്റം– വെന്നിമല റോഡ്, 7ാം മൈൽ വെന്നിമല റോഡ്, കുറ്റിക്കൽ – തോട്ടയ്ക്കാട്, 13ാം മൈൽ – ഇളങ്കാവ് റോഡ്, പാമ്പാടി –മുക്കാലി –പള്ളിക്കത്തോട്, വെള്ളൂർ ജെടിഎസ് –കുന്നേപ്പാലം റോഡ്, മീനടം –ഉണക്കപ്ലാവ് റോഡ്, മീനടം മാത്തുപ്പടി–വട്ടക്കാവ് റോഡ്,മോസ്കോ – ചമ്പക്കര റോഡ്, ഇടയ്കാട്ടുകുന്ന് –കൂരോപ്പട റോഡ്, പുളിക്കൽകവല – ചപ്പാത്ത് റോഡ്, പങ്ങട – കൂരോപ്പട റോഡ് തുടങ്ങിയ റോഡുകളും പൂർണ തകർച്ചയിൽ കിടക്കുന്നു.
നിർമാണോദ്ഘാടനം ഇന്ന്
കെ.കെ.റോഡിനു നവീകരിച്ച ബൈപാസായി കണക്കാക്കുന്ന പാമ്പാടി – അരീപ്പറമ്പ് റോഡിന്റെ നിർമാണ ഉദ്ഘാടനം ഇന്ന് 2 ന് പാമ്പാടി ചന്തക്കവലയിൽ മന്ത്രി പി.എം.മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. 5.5 കോടി രൂപ മുതൽമുടക്കി അഞ്ചര മീറ്റർ വീതിയിലാണ് റോഡിന്റെ നവീകരണം.