ADVERTISEMENT

പാമ്പാടി ∙ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെറുവള്ളിക്കാവ് ദേവീക്ഷേത്രം പുനർ‌നിർമിക്കുന്നു. കാലപ്പഴക്കം മൂലമുള്ള ജീർണത പരിഹരിക്കുന്നതിനാണു പുനർനിർമാണം നടത്താൻ തീരുമാനിച്ചത്. അപൂർവമായ ദാരുശിൽപ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ശ്രീകോവിൽ പൊളിച്ചു മാറ്റാതെ നാലമ്പലം, ചുറ്റമ്പലം, ഉപ ദേവാലയങ്ങൾ എന്നിവ പൂർണമായും പൊളിച്ചു മാറ്റി പുനർ നിർമിക്കും.

ശ്രീകോവിലിന്റെ പ്രതിഷ്ഠ നിലനിർത്തി കൃഷ്ണ ശിലകളിൽ പുതിയ ഭിത്തി പൊതിഞ്ഞു നവീകരണം നടത്തും. ശ്രീകോവിലിന്റെ മേൽക്കൂരയിൽ പുതിയ ചെമ്പു പാളി പൊതിയും.നാലമ്പലം, ചുറ്റമ്പലം, ‌കൃഷ്ണ  ശിലകളിൽ പൗരാണിക രീതിയിൽ നിർമിച്ചു മേൽക്കൂര ചെമ്പു പാളി പൊതിയും. ഭക്തജനങ്ങളുടെ സഹകരണത്തിലാണ് പദ്ധതി പൂർത്തീകരിക്കുക.

∙ അപൂർവ പ്രതിഷ്ഠയും ചാന്താട്ടവും നടത്തുന്ന ക്ഷേത്രം

ദേശാധിപത്യ ദേവതയെന്നു അറിയപ്പെടുന്ന ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം ജാതിമതഭേദമന്യേ ജനങ്ങൾ ഒത്തുചേരുന്ന ആരാധനാലയമാണ്.  കുംഭ പൂരം പ്രധാന ഉത്സവമായ ഇവിടെ ദേശവഴിക്കരകളിലെ 15 ൽ പരം പാട്ടമ്പലങ്ങളിൽ നിന്നു എത്തിച്ചേരുന്ന കുംഭകുട ഘോഷയാത്ര നാട് ജനകീയ ഉത്സവമായാണ് ആഘോഷിക്കുന്നത്.

ചാന്താട്ടം ഉൾപ്പെടെ വഴിപാട് നടത്തുന്ന അപൂർവ ക്ഷേത്രമാണ് ഇവിടം. ദാരു ശിൽപത്തിൽ ചാന്താട്ടത്തിനു വേണ്ടി തേക്കിന്റെ തൈലം സംസ്കരിച്ചും, അങ്ങാടിക്കൂട്ടുകളും ചേർത്താണ് ചാന്ത് തയാറാക്കുന്നത്. ഭക്തജനങ്ങളുടെ വഴിപാടായി ചാന്താട്ടം നടത്തി വരുന്നു. ശ്രീകൃഷ്ണൻ, ധർമശാസ്താവ്, നാഗ രാജാവ് എന്നീ ഉപ ദേവതകളും തുല്യ പ്രാധാന്യത്തിൽ ക്ഷേത്രത്തിലുണ്ട്.

ദേവഹിതത്തെ തുടർ‌ന്ന് പുനരുദ്ധാരണം

 ജൂലൈയിൽ അരയൻകാവ് ഹരിദാസ് നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ദേവ ഹിതത്തെ തുടർന്നാണ് ക്ഷേത്രം പുനർനിർമിക്കാൻ ദേവസ്വം തീരുമാനിച്ചത്.ക്ഷേത്രം പുനർനിർമിക്കുക, ഉത്സവത്തോട് അനുബന്ധിച്ചു ദേശതാലപ്പൊലി നടത്തുക, ഘണ്ഠാകർണ സ്വാമിയുടെ പ്രതിഷ്ഠ നടത്തുക,ചതുശതം വഴിപാട്, വടക്കേനടയിൽ വലിയ ഗുരുതി തുടങ്ങിയ ചടങ്ങുകൾ നടത്താനും നിർദേശിച്ചിട്ടുണ്ട്. ദേവ ഹിതത്തിന്റെ ഭാഗമായ പരിഹാരക്രിയകൾ തന്ത്രി പെരുഞ്ചേരിമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി പെരികമന സതീശ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തി‍ൽ നടത്തി. പുനരുദ്ധാരണ ജോലികളുടെ ഭാഗമായി വൃക്ഷപൂജ നടത്തി.

നിർമാണ പ്രവർത്തനങ്ങൾ ഉടൻ

5 കോടി രൂപയുടെ ക്ഷേത്ര പുനർനിർമാണമാണു നടത്തുക. ഉടൻ പണികൾ ആരംഭിക്കും. തടി,കൃഷ്ണശില എന്നിവയുടെ പണികൾ പുരോഗമിക്കുന്ന മുറയ്ക്ക് നിലവിലെ ക്ഷേത്രം പൊളിച്ചു നീക്കും. 2 വർഷം കൊണ്ട് ക്ഷേത്ര പുനർനിർമാണം പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്.ക്ഷേത്ര ഭരണ സമിതി കൂടാതെ പുനർ നിർമാണത്തിനായി പ്രത്യേക കമ്മിറ്റിയും, മാതൃ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com