ADVERTISEMENT

കോട്ടയം ∙ തിരുനക്കര ബസ് സ്റ്റാൻഡ് സമുച്ചയ വിഷയത്തിൽ നഗരസഭാ കൗൺസിൽ യോഗം നിർണായകമാകും. പുനരധിവാസ പാക്കേജിൽ നഗരസഭ മൗനം പാലിക്കുന്ന സാഹചര്യത്തിൽ വ്യാപാരികളുടെ ഏകപ്രതീക്ഷയും കൗൺസിൽ യോഗമാണ്. സൂപ്രീം കോടതി വിധി വ്യാപാരികൾക്കെതിരായ സാഹചര്യത്തിൽ നഗരസഭ പൊളിക്കൽ നടപടിയുമായി മുന്നോട്ടു പോകുമെന്നാണു വിവരം. ഇതേ സമയം പുനരധിവാസ പാക്കേജ് ഒന്നും പ്രഖ്യാപിക്കാതെ വ്യാപാരികളെ ഒഴിപ്പിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. പദ്ധതി നിർവഹണ റിപ്പോർട്ട് പോലും തയാറാക്കാതെയാണു നഗരസഭ കെട്ടിടം പൊളിക്കാൻ എത്തുന്നതെന്നാണു വ്യാപാരികളുടെ ആരോപണം. 

നടപടിയുമായി നഗരസഭ മുന്നോട്ടു പോയാൽ വ്യാപാരികളും ജീവനക്കാരും അനുബന്ധ തൊഴിലാളികളുമടക്കം 800 പേരാണു വഴിയാധാരമാകുന്നത്. ഇവരെ പുനരധിവസിപ്പിക്കുമെന്നു നഗരസഭ പറയുമ്പോഴും എങ്ങനെയെന്നതിൽ വ്യക്തതയില്ല. വിഷയത്തിൽ സർക്കാർ ഇടപെടലിനായി വ്യാപാരികൾ ശ്രമിക്കുന്നുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് ചാഴികാടൻ എംപി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നു മന്ത്രി വി.എൻ. വാസവനെയും വ്യാപാരികൾ കാണുന്നുണ്ട്.

കൗൺസിലർമാരെ വിശ്വാസത്തിലെടുക്കും

∙ കൽപക സൂപ്പർ മാർക്കറ്റ് കെട്ടിടത്തിൽ പുനരധിവാസം ഉറപ്പാക്കണമെന്നാണു വ്യാപാരികൾ മുന്നോട്ടു വയ്ക്കുന്ന നിർദേശം. കൗൺസിൽ തീരുമാനം ഉണ്ടായാൽ മാത്രമേ ഇക്കാര്യം പരിഗണിക്കാൻ കഴിയുകയുള്ളൂവെന്നാണു നഗരസഭ പറയുന്നത്. കോടതി കൈവിട്ടതോടെ വ്യാപാരികൾക്കു മുന്നിലുള്ള ഏക പിടിവള്ളി കൗൺസിൽ യോഗ തീരുമാനമാണ്. അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം മുഖ്യ അജൻഡയായി ചർച്ചയ്ക്ക് എടുക്കുന്നതിനും പാസാക്കുന്നതിനുമായി എല്ലാ കൗൺസിലർമാരെയും നേരിൽക്കണ്ടു വിശ്വാസത്തിലെടുക്കാനുള്ള ശ്രമത്തിലാണു വ്യാപാരികൾ.

മന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന് 

∙ സർക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ട് വ്യാപാരികൾ ഇന്നു മന്ത്രി വി.എൻ.വാസവനുമായി കൂടിക്കാഴ്ച നടത്തും. പുനരധിവാസ പാക്കേജിൽ വ്യാപാരികൾക്ക് അനുകൂലമായ നിലപാട് സർക്കാർ തലത്തിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണു കൂടിക്കാഴ്ച. ഇന്നലെ കാണാമെന്നു പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടിയുടെ നേതൃത്വത്തിലാണു നേതാക്കൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

കേസ് പുതിയ സെക്രട്ടറിയിലേക്ക്

∙ കേസിൽ അടുത്ത തവണ ഹൈക്കോടതിയിൽ ഹാജരാകുന്നതു പുതിയ സെക്രട്ടറിയാകും. തിങ്കളാഴ്ച പുതിയ സെക്രട്ടറി ചുമതലയേൽക്കുമെന്നാണു വിവരം. ഇതോടെ നിലവിൽ സെക്രട്ടറി ഇൻ ചാർജ് ആയ അനില അന്ന വർഗീസ് കേസിൽ നിന്നു തന്റെ പേര് ഒഴിവാക്കണമെന്നും പുതിയ സെക്രട്ടറി ചുമതലയേറ്റെടുത്തെന്നും കാട്ടി ഹൈക്കോടതിയിൽ അപേക്ഷ നൽകും.

വ്യാപാരികൾ നിർദേശിക്കുന്ന പാക്കേജ്

∙ ആദ്യം കൽപക കെട്ടിടം പൊളിച്ച് താൽക്കാലിക ഷെഡ് പണിയണം. തുടർന്നു നഗരസഭയുടെ ചെലവിൽ താൽക്കാലിക ഷെഡ് നിർമിച്ച് പരമാവധി വ്യാപാരികളെ പുനരധിവസിപ്പിക്കണം. മറ്റുള്ളവർക്ക് ഉചിതമായ സ്ഥലം കണ്ടെത്തി നൽകണം. കെട്ടിടം നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് നിലവിലുള്ള വ്യാപാരികളെ മുൻഗണനാ ക്രമത്തിൽ അംഗീകരിക്കണം.

നഗരസഭ വ്യാപാരികളോട്  പറയുന്നത്

∙ നിലവിൽ കൃത്യമായ പുനരധിവാസ പാക്കേജ് പറയാനാവില്ല. പല ഘട്ടങ്ങളായല്ല, കെട്ടിടം മുഴുവൻ ഒന്നിച്ചേ പൊളിക്കൂ. തുടർന്നാകും പണിയുക. കൗൺസിൽ യോഗ തീരുമാനം ഉണ്ടെങ്കിലേ വ്യാപാരികളുടെ പാക്കേജ് നടപ്പാക്കാൻ കഴിയൂ. അംഗീകാരം ലഭിച്ചാലും വ്യാപാരികൾ സ്വന്തം നിലയിൽ ഷെഡുകൾ നിർമിക്കേണ്ടിവരും. വാടകയും നൽകണം. പഴയ പൊലീസ് സ്റ്റേഷൻ മൈതാനം തുറന്നു നൽകുന്നതു സംബന്ധിച്ചു കൗൺസിൽ തീരുമാനം വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com