ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങൾ തനിമയോടെ നവീകരിക്കുന്നു
Mail This Article
ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങൾ തനിമയോടെ നവീകരിക്കാൻ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചുവർച്ചിത്ര പൈതൃക സംരക്ഷണ കേന്ദ്രം പദ്ധതി തയാറാക്കുന്നു. ചുവർച്ചിത്ര കലയുടെ പരിപോഷണം, വ്യാപനം, സംരക്ഷണം എന്നിവ ലക്ഷ്യമാക്കി അടുത്തയിടെയാണ് സർവകലാശാലയിൽ പൈതൃക സംരക്ഷണ കേന്ദ്രം സ്ഥാപിച്ചത്. കേന്ദ്രം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ആദ്യ പദ്ധതിയാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേതെന്നു വൈസ് ചാൻസലർ എം.വി.നാരായണനും ഡയറക്ടർ ഡോ. സാജു തുരുത്തിലും പറഞ്ഞു. ക്ഷേത്രങ്ങൾ, പള്ളികൾ, മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി ചുവർച്ചിത്രങ്ങൾ ആലേഖനം ചെയ്യുക, നിലവിലുള്ളവയുടെ സംരക്ഷണ ജോലികൾ നടത്തുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങൾ 26 വർഷങ്ങൾക്ക് മുൻപ് സാജു തുരുത്തിലിന്റെ നേതൃത്വത്തിൽ നവീകരിച്ചിരുന്നു. അന്നു ചിത്രങ്ങളിലെ ഓയിൽ പെയ്ന്റും മാറ്റി പൂർണ തനിമ നിലനിർത്തിയായിരുന്നു രചന. മുൻ ആർക്കിയോളജി ഡയറക്ടർ ഡോ. വേലായുധൻ നായരുടെ മേൽനോട്ടത്തിലായിരുന്നു നവീകരണം. ഏറ്റുമാനൂരിലെ ചിത്രങ്ങളുമായി അടുത്തിടപഴകിയ ചിത്രകാരൻ എന്ന നിലയിലാണ് സാജുവിന്റെ നേതൃത്വത്തിൽ വീണ്ടും നവീകരണ ജോലികൾക്കു പദ്ധതി തയാറാക്കുന്നത്. സാജു തുരുത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറും ചുവർചിത്ര പഠനവിഭാഗത്തിന്റെ മേധാവിയുമാണ്. ദേവസ്വം ബോർഡിനും സർക്കാരിനും പദ്ധതി സമർപ്പിക്കും.
ഏതാനും മാസങ്ങൾക്ക് മുൻപ് ആറന്മുള വാസ്തുവിദ്യ ഗുരുകുലവും തിരുവനന്തപുരം പുരാവസ്തു വകുപ്പും പദ്ധതികൾ തയാറാക്കിയിരുന്നു. ഇവ സർക്കാരിന്റെ പരിഗണനയിലാണ്. ഇനി കാലടി പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ പദ്ധതി കൂടി പരിഗണിച്ചാകും തുടർ നടപടികൾ.
കലാവിമർശകരായ ആനന്ദകുമാര സ്വാമി (1913), ആർ. വാസുദേവ പൊതുവാൾ (1934), സ്റ്റെല്ല ക്രാംറിഷ് ((1948), കെ.പി. പത്മനാഭൻ തമ്പി (1948), സി.ശിവരാമമൂർത്തി (1968), കൃഷ്ണ ചൈതന്യ (1976) എന്നിവർ ഏറ്റുമാനൂരിലെ ചിത്രങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്.