സ്വന്തം കെട്ടിടത്തിൽ ആൽ മുളച്ചാൽ നഗരസഭയ്ക്ക് അതും...
Mail This Article
കോട്ടയം∙ നഗരസഭയുടെ കഞ്ഞിക്കുഴി മേഖലാ ഓഫിസിൽ ആൽമരം വളർന്നു കെട്ടിടം അപകടാവസ്ഥയിൽ. മൂന്നാം നിലയുടെ മുകളിൽ വളർന്ന മരത്തിന്റെ വേരുകൾ കെട്ടിടത്തിന്റെ അടിനില വരെ ആഴ്ന്നിറങ്ങി. കൂറ്റൻ വേരുകൾ കെട്ടിടം പിളർത്തി അകത്തു കയറിയിട്ടും അധികൃതർക്കു കുലുക്കമില്ലെന്നു വ്യാപാരികൾ പറയുന്നു.
ജല അതോറിറ്റിയുടെ ഓഫിസിനു മുകളിലാണു മരം പടർന്നു പന്തലിച്ചത്. സമീപത്ത് ഒട്ടേറെ വ്യാപാര കേന്ദ്രങ്ങളുണ്ട്. കൂടാതെ പഴയ മാർക്കറ്റിലേക്കുള്ള വഴിയും ഇതിലേയാണ്. വ്യാപാരികളുടെ പരാതിയെ തുടർന്നു നേരത്തേ നഗരസഭ മരം വെട്ടി മാറ്റിയിരുന്നു. എന്നാൽ വേരുകൾ കെട്ടിടത്തിലേക്ക് ആഴ്ന്നിറങ്ങിയതിനാൽ മരത്തിന്റെ അടിഭാഗം ബാക്കിനിർത്തിയാണു വെട്ടിയത്. ഇപ്പോൾ ഈ ഭാഗത്തു നിന്നു വേരുകളും ഇലകളും കിളിർത്തിട്ടുണ്ട്. കെട്ടിടത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പല ഭാഗങ്ങളും കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞു. കെട്ടിടം പുനർനിർമിക്കുകയോ അല്ലെങ്കിൽ അപകടാവസ്ഥയിലായ ഭാഗം പൊളിച്ചു നിർമിക്കുകയോ വേണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
മുൻപ് നഗരസഭാധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്ഥലവും കെട്ടിടവും അളക്കുകയും ചെയ്തു. ഉടൻ പൊളിച്ചു പണിയുമെന്നു പറഞ്ഞ അധികൃതരെ പിന്നീട് ഇതുവഴി കണ്ടിട്ടില്ലെന്നാണു വ്യാപാരികൾ പറയുന്നത്.