അപകട ഭീതി ഉയർത്തി പനയമ്പാലയിലെ വളവുകൾ
Mail This Article
കറുകച്ചാൽ - ഇസെഡ് ആകൃതിയിലൊരു റോഡ്. ആഴ്ചയിൽ കുറഞ്ഞത് രണ്ടുമൂന്നു അപകടം. കഴിഞ്ഞയാഴ്ച ഉണ്ടായി രണ്ടെണ്ണം. 'കറുകച്ചാൽ - മല്ലപ്പള്ളി റോഡിൽ പനയമ്പാല സെന്റ് സെബാസ്റ്റ്യൻ പള്ളിക്കു സമീപത്തെ വളവുകൾ സ്ഥിരം അപകട മേഖലയായി. 500 മീറ്റർ ദൂരത്തിൽ 5 വളവുകൾ. പള്ളിയുടെ മുറ്റത്തേക്ക് വാഹനങ്ങൾ വീഴുന്നത് പതിവാണ്. റോഡിന്റെ മതിൽ തകർന്ന ഭാഗത്ത് പിഡബ്ല്യുഡി വീപ്പ സ്ഥാപിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. മുൻകരുതലായി പള്ളി അധികൃതർ മുളവേലി സ്ഥാപിച്ചിരിക്കുകയാണ്.
6 മാസം 27 അപകടം
കഴിഞ്ഞ 6 മാസത്തിനിടെ ചെറുതും വലുതുമായ 27 അപകടങ്ങൾ പനയമ്പാല മേഖലയിൽ ഉണ്ടായി. 31 പേർക്ക് പരുക്കേറ്റു. അപകടങ്ങൾ ഏറെയും തെന്നിമറിയലും കൂട്ടയിടിയുമാണ്.
ക്രാഷ് ബാരിയറും റംപിൾ സ്ട്രിപ്പും വേണം
പനയമ്പാല മേഖലയിലെ വളവുകളിൽ റംപിൾ സ്ട്രിപ്പ് സാപിക്കുന്നത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് റോഡ് സുരക്ഷ വിദഗ്ധർ പറയുന്നു. വാഹനങ്ങൾ ഇടിച്ചു താഴേക്ക് വീഴാതിരിക്കാൻ പള്ളിയുടെ മുൻപിലെ റോഡരികിൽ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നു പള്ളി കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെടുന്നു. സംരക്ഷണ ഭിത്തിയുടെ മതിൽ വാഹനങ്ങൾ നിയന്ത്രണം തെറ്റി ഇടിച്ച് തകർക്കുന്നത് പതിവാണ്.