നീലംപേരൂരിൽ പടയണിനിലാവ്
Mail This Article
ചങ്ങനാശേരി ∙ ഓണപ്പിറ്റേന്ന് അവിട്ടം നാളിൽ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ ദേവീനടയിലും ചേരമൻ പെരുമാൾ സ്മാരകത്തിലുമെത്തി അനുജ്ഞ വാങ്ങി ചൂട്ടു വച്ച് ആരംഭിച്ച നീലംപേരൂർ പൂരം പടയണിക്ക് നാളെ സമാപനം. പടയണിക്ക് മണിക്കൂറുകൾ ശേഷിക്കെ വലിയ അന്നങ്ങളുടെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നീലംപേരൂർ ഗ്രാമം. വലിയ അന്നങ്ങൾ ക്ഷേത്രസന്നിധിയിലേക്ക് ചിറകുവിരിച്ചെത്തുന്ന നിമിഷങ്ങൾക്കും പടയണിയുടെ ആവേശത്തിലും പങ്കാളികളാകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
കോവിഡ് കാലം പിന്നിട്ട് 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജനപങ്കാളിത്തത്തോടെ പടയണി നടത്തുന്നത്. എംസി റോഡിൽ കുറിച്ചി ഔട്ട്പോസ്റ്റ് ജംക്‌ഷനിൽ നിന്ന് കാവാലം കൈനടി റൂട്ടിൽ 3 കിലോമീറ്റർ സഞ്ചരിച്ച് ക്ഷേത്രത്തിലെത്താം. മകം പടയണി ദിവസമായ ഇന്ന് അടിയന്തരക്കോലമായി അമ്പലക്കോട്ട ക്ഷേത്രസന്നിധിയിൽ എത്തും. ഇന്നലെ രാത്രിയിൽ അടിയന്തരക്കോലമായി കാവൽപിശാച് പടയണിപ്പറമ്പിൽ എത്തി.
മകം പടയണി
കാർഷിക സംസ്കാരവുമായി പടയണിയുടെ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് മകം പടയണി. നെല്ലിന്റെ നാളായ മകം നാളിലാണ് മകം പടയണി നടത്തുന്നത്. കല്യാണ സൗഗന്ധികം തേടിയുള്ള യാത്രയിൽ ഭീമസേനൻ കാണുന്ന ഗന്ധർവക്കോട്ടയുടെ ആവിഷ്കാരമാണ് അമ്പലക്കോട്ടയെന്നും ഐതിഹ്യമുണ്ട്. രാത്രി 10.30ന് കുടംപൂജകളിക്കും തോത്താകളിക്കും ശേഷം വിളവെടുപ്പ് ഉത്സവത്തെ ഓർമിപ്പിച്ച് വേലകളി നടക്കും. നിലം ഉഴുന്നതാണ് വേലകളിയുടെ പ്രമേയം. 4 വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലുവേലപ്പിള്ളമാർ നിലം ഉഴുന്നുവെന്നാണ് വിശ്വാസം. തുടർന്ന് അമ്പലക്കോട്ട എത്തും.