ADVERTISEMENT

മുറിഞ്ഞപുഴ∙ വൈക്കം ഉദയനാപുരം പഞ്ചായത്തിലെ 15–ാം വാർഡ് 54–ാം ബൂത്തിലെ ബിഎൽഒ ആയ കെ.കെ. സാബു 8 കിലോമീറ്റർ അകലെയുള്ള ചെമ്പ് പഞ്ചായത്തിലെ മുറിഞ്ഞപുഴ പഴയപാലത്തിന്റെ കരയിലിരുന്ന് ശ്രദ്ധയോടെ ജോലിയിലാണ്. ഇരിക്കുന്നത് മരക്കഷണത്തിൽ, എഴുത്തുമേശയും മരക്കഷണം!!

ഉദയനാപുരത്തെ ബിഎൽഒയ്ക്കെന്താ മുറിഞ്ഞപുഴയിൽ കാര്യം എന്നു ചോദിക്കാൻ വരട്ടേ, എല്ലാം ഒരു ലിങ്കുചെയ്യലിന്റെ ഭാഗമാണ്. തന്റെ ബൂത്തിലെ വോട്ടർ പട്ടികയും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രധാന ജോലിയിലാണ് സാബു. വീട്ടിൽ റേഞ്ച് ഇല്ലാത്തതിനാൽ നല്ല റേഞ്ച് ഉള്ള സ്ഥലത്തിരുന്നാണ് സാധാരണ ഇൗ ജോലി ചെയ്യുന്നത്.

blo-sabu

തൃപ്പൂണ്ണിത്തുറയിൽ തന്റെ സ്കൂട്ടർ സർവീസ് ചെയ്ത് മടങ്ങും വഴിയാണ് സമാധാനത്തോടെ മൊബൈലിനു നല്ല റേഞ്ചുള്ള സ്ഥലം സാബു കണ്ടെത്തിയത്. മരത്തണലിന്റെ തണുപ്പിലിരുന്ന് സാബു ബന്ധിപ്പിച്ചത് കഴിഞ്ഞ ദിവസം 43 വോട്ടർമാരുടെ വിവരങ്ങളാണ്. 940 വോട്ടർമാരാണ് ഇദ്ദേഹത്തിന്റെ ബൂത്തിലുള്ളത്, 520 പേരുടെ വിവരങ്ങളാണ് ഇതുവരെ ബന്ധിപ്പിച്ചത്.

ഇൗ മാസം 30 നു മുൻപ് ബന്ധിപ്പിക്കൽ പൂർത്തിയാക്കണം എന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം ഉള്ളതിനാലാണ് വോട്ടർമാരുടെ തണുപ്പൻ പ്രതികരണത്തിനിടയിലും സാബു തണുപ്പത്തിരുന്ന് ചൂടോടെ ജോലിചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com