‘യഥാർഥ ആത്മീയത മതാതീതം’
Mail This Article
കോട്ടയം ∙ മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന ഗ്രീക്ക് തത്വചിന്തകൻ ഹിറാ ക്ലീറ്റസിന്റെ തത്വത്തെക്കുറിച്ചുള്ള പഠനമാണു ഫാ. തോമസ് പാടിയത്തിനെ ഫാ.ഡോ. തോമസ് പാടിയത്താക്കിയത്. തത്വശാസ്ത്രത്തിൽ പിഎച്ച്ഡിയും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ഫാ. പാടിയത്ത് ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറൽ പദവിയിൽനിന്ന് സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാ സഹായ മെത്രാനായി നാളെ അഭിഷിക്തനാകുന്നു.
ഏറ്റുമാനൂർ പാടിയത്ത് വീട്ടിൽ ഏലിയാമ്മയുടെയും ചാക്കോയുടെയും ആറുമക്കളിൽ ഏറ്റവും ഇളയ ആൾ അൾത്താര ബാലനായാണു സഭാജീവിതം തുടങ്ങിയത്. 53-ാം വയസ്സിൽ പുതിയ അജപാലന ദൗത്യമേൽക്കുമ്പോൾ ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കുന്നതും വലിയ മാറ്റങ്ങൾ എന്ന് അദ്ദേഹം പറയുന്നു. ഫാ. പാടിയത്ത് സംസാരിക്കുന്നു:
? ഫാ. തോമസ് പാടിയത്തിൽ നിന്ന് മാർ തോമസ് പാടിയത്തിലേക്കുള്ള മാറ്റം
കേവലം മാറ്റമല്ല അത്. മെത്രാന്മാർ കർത്താവിന്റെ ശിഷ്യന്മാരുടെ തുടർച്ചക്കാരാണ് എന്ന വിശ്വാസമാണ് സഭയ്ക്കുള്ളത്. ദൗത്യത്തിലും ശുശ്രൂഷയിലും വ്യത്യാസമുണ്ടാകുന്നു. കൂടുതൽ അധ്വാനിക്കാൻ, പ്രാർഥിക്കാൻ, ശുശ്രൂഷാ മനോഭാവത്തോടെ കൂടുതൽ ജോലി ചെയ്യാനുള്ള അവസരം. മെത്രാനാകുമ്പോൾ ഉത്തരവാദിത്തം കൂടുന്നു.
? മതവും ശാസ്ത്രവും വ്യത്യസ്തമാകുന്നത്
അടിസ്ഥാനപരമായി മതത്തിന്റെ കാഴ്ചപ്പാട് ശാസ്ത്രത്തിന്റെ കാഴ്ചപ്പാടുമായി എതിരല്ല. ശാസ്ത്രം എപ്പോഴും മനുഷ്യന്റെ കാര്യത്തിൽ ഇടപെട്ട് അവന്റെ വളർച്ചയ്ക്കാണു പരിശ്രമിക്കുന്നത്. മതവും മനുഷ്യന്റെ നന്മയ്ക്കും ഉയർച്ചയ്ക്കുമാണു ശ്രമിക്കുന്നത്. ശാസ്ത്രം ബിഗ്ബാങ് തിയറിയിൽ ദൈവകണത്തെക്കുറിച്ചാണ് പറയുന്നത്. നമുക്ക് മനസ്സിലാകാത്ത കണത്തെക്കുറിച്ചാണ് ദൈവകണം എന്ന് ശാസ്ത്രം പറഞ്ഞത്. ഉൽപത്തിയെ കുറിച്ച് ഇനിയും മനസ്സിലാകാത്ത കാര്യങ്ങളുണ്ട് എന്നർഥം.
? തത്വശാസ്ത്രം പഠിച്ചിട്ട് ദൈനംദിന ഭരണകാര്യങ്ങളിലേക്ക് മാറുമ്പോൾ വ്യത്യാസം തോന്നുന്നില്ലേ
അജപാലന ജീവിതത്തിൽ നിന്ന് മാറ്റിക്കാണാൻ കഴിയാത്ത യാഥാർഥ്യമാണ് ഭരണച്ചുമതല. എന്നാൽ, അജപാലകർ അടിസ്ഥാനപരമായി ഭരണകർത്താക്കളല്ല, ആത്മീയ ശുശ്രൂഷകരാണ്. ആ ൈചതന്യം നഷ്ടപ്പെടാതെ കാര്യങ്ങൾ നടത്തിയെടുക്കണം.
? ആത്മീയതയ്ക്കു മതം ആവശ്യമാണോ
ആത്മീയതയും മതാത്മകതയും രണ്ടും രണ്ടാണ്. എന്നാൽ, ഇവ രണ്ടായി നിൽക്കേണ്ടതല്ല. മതത്തിന്റെ വക്താക്കളായിരിക്കുമ്പോഴും മതം യഥാർഥത്തിൽ ലക്ഷ്യം വയ്ക്കുന്നതും കൈമാറേണ്ടതുമായ ആത്മീയത ലഭിക്കണമെന്നില്ല. പള്ളിയിൽ പോയി കുർബാനയെല്ലാം കാണുന്നുണ്ടാകാം. എന്നാൽ ആത്മീയത ലഭിക്കണമെന്നില്ല. ആത്മീയതയില്ലെങ്കിൽ മതം ആയുധമായോ ഉപകരണമായോ മാറാം. യഥാർഥ ആത്മീയതയിൽ മതാതീതമായി ചിന്തിക്കാം.
? ജനാഭിമുഖ കുർബാനയുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി
ദൈവശാസ്ത്രപരമായ കാര്യങ്ങളിലല്ല അഭിപ്രായ വ്യത്യാസമുള്ളത്. ദൈവത്തെ നോക്കിയാണല്ലോ പ്രാർഥിക്കേണ്ടത്. ദൈവത്തെ ആരാധിക്കാൻ കൂടിയിരിക്കുന്നവർ അതാണല്ലോ ചെയ്യേണ്ടത്.
ഷംഷാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ രൂപത
23 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും അധികാര പരിധിയിലുള്ള ഷംഷാബാദ് രൂപത ഇന്ത്യയിൽ സിറോ മലബാർ സഭയുടെ ഏറ്റവും വലിയ രൂപതയാണ്. 75 കത്തോലിക്കാ രൂപതകളുടെ അതിർത്തിക്കുള്ളിലാണു ഷംഷാബാദ് രൂപത പ്രവർത്തിക്കുന്നത്. മാർ റാഫേൽ തട്ടിലാണ് രൂപത അധ്യക്ഷൻ. 2017ലാണു രൂപത സ്ഥാപിക്കപ്പെട്ടത്. ഹൈദരാബാദിലാണ് ആസ്ഥാനം.
ഫാ. ഡോ. തോമസ് പാടിയത്ത്, ഫാ. ഡോ. ജോസഫ് കൊല്ലംപറമ്പിൽ എന്നിവരുടെ സ്ഥാനാരോഹണ ശുശ്രൂഷ നാളെ ഹൈദരാബാദ് സികെആർ ആൻഡ് കെടിആർ കൺവൻഷൻ ഹാളിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.