ADVERTISEMENT

തുലാമാസ പൂജകൾക്ക് നട തുറക്കുന്നതിനു മുന്നോടിയായി ആയിരക്കണക്കിന് തീർഥാടകരാണ് എരുമേലിയിൽ എത്തിയത്. എന്നാൽ  പേട്ട തുള്ളിയെത്തുന്ന തീർഥാടകർക്ക് ക്ഷേത്രത്തിൽ ദർശനത്തിനു മുൻപ് ദേഹശുദ്ധി വരുത്തുന്നതിനു പോലും സൗകര്യം സജ്ജമല്ല. ഒഴുക്കു തീരെ കുറഞ്ഞ് തോട്ടിൽ മണ്ണും ചെളിയും നിറഞ്ഞു. പല സ്ഥലത്തും മണ്ണു തെളിഞ്ഞു. നൂറുകണക്കിനു ഷവർ ബാത്ത് സൗകര്യം  ഇവിടെ സജ്ജമാക്കിയെങ്കിലും ഒന്നും പ്രവർത്തനക്ഷമമല്ല.

പന്തൽ പൊളിച്ചുമാറ്റിയതോടെ വിരിവയ്ക്കാനുള്ള സൗകര്യവും ഇല്ലാതായി. ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യവുമില്ല. ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിലാണ് ഇപ്പോൾ പാചകം. വിരി വയ്ക്കുന്നതും ഇവിടെ. മണ്ഡല – മകരവിളക്ക് കാലത്തിനു മുന്നോടിയായി ഏറെ അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കേണ്ടതുണ്ട്.

വിരിവയ്ക്കാൻ സൗകര്യം വേറെ നോക്കണം

മുൻപ് ധർമശാസ്താ ക്ഷേത്രത്തിനു സമീപത്തെ വിരിപ്പന്തലിൽ 300 തീർഥാടകർക്ക് വിരിവയ്ക്കാൻ   സൗകര്യം ഉണ്ടായിരുന്നു.പുതിയ കെട്ടിട സമുച്ചയം നിർമിക്കാൻ ഇതു പൊളിച്ചതോടെ വിരിവയ്ക്കാനും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും തങ്ങാനുമുള്ള സൗകര്യം ഇല്ലാതായി. മണ്ഡലകാലത്തിനു മുൻപ് പൂർത്തിയാക്കുമെന്ന് അറിയിച്ച് പുതിയ ഡോർമെട്രി നിർമാണം തുടങ്ങിയെങ്കിലും ഇപ്പോഴും അടിത്തറ പോലും പൂർത്തിയായില്ല. ഇതോടെ തീർഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ക്ഷേത്രത്തിനു മുന്നിലെ സ്റ്റേഡിയം മൈതാനത്തെ ഷോപ്പ് ബിൽഡിങിലേക്കു മാറ്റാനാണ് തീരുമാനം,. എന്നാൽ ഇത് സജ്ജമായിട്ടില്ല. 

  വിരിപ്പന്തൽ സൗകര്യം പൊളിച്ചുമാറ്റിയതോടെ എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിൽ വിരിവച്ച് ഭക്ഷണം പാചകം ചെയ്യുന്ന ശബരിമല തീർഥാടകർ.
വിരിപ്പന്തൽ സൗകര്യം പൊളിച്ചുമാറ്റിയതോടെ എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിൽ വിരിവച്ച് ഭക്ഷണം പാചകം ചെയ്യുന്ന ശബരിമല തീർഥാടകർ.

കുളിക്കടവുകളിൽ സൗകര്യമില്ല

പേട്ടതുള്ളി എത്തുന്ന തീർഥാടകർ ആശ്രയിക്കുന്ന പ്രധാന കുളിക്കടവാണ് മണിമലയാറ്റിലെ ഓരുങ്കൽ. പ്രളയത്തിൽ കടവ് പൂർണമായും തകർന്നു. പുനർ നിർമാണം നടത്തിയില്ല. തീർഥാടനകാലത്ത് പതിനായിരക്കണക്കിനു ഭക്തരാണ് ഇവിടെ കുളിക്കാനായി എത്തുന്നത്. ആറ്റിലേക്ക് സുരക്ഷിതമായി ഇറങ്ങുന്നതിന് ഇറിഗേഷൻ വകുപ്പ് പടികൾ പണിതു. പ്രളയത്തിൽ അതെല്ലാം തകർന്നു.    ഇതോടെ തീർഥാടകർക്ക് ആറ്റിലേക്ക് ഇറങ്ങാൻ കഴിയാതെയായി. ഇതിന്റെ പുനർനിർമാണവും നടന്നില്ല.  ലൈറ്റുകളും തകർന്നു. തീർഥാടകർക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിമുറി സൗകര്യം സജ്ജമാക്കിയിരുന്നു.  ഇതും പൂർണമായും തകർന്നു. 

കെഎസ്ആർടിസി സ്റ്റാൻഡിൽ

പതിനായിരക്കണക്കിനു തീർഥാടകരും നൂറുകണക്കിനു ബസുകളും വന്നുപോകുന്ന കെഎസ്ആർടിസി സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഇല്ല. കഴിഞ്ഞ പ്രളയത്തിൽ കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷനും സ്റ്റേഷൻ ഓഫിസും അപകടനിലയിലായി. ഇതോടെ ശുചിമുറികൾ അടച്ചു.  തീർഥാടകർക്ക് ഇതു ബുദ്ധിമുട്ടാകും. ദേവസ്വം ബോർഡിന്റെ സ്ഥലമായതിനാൽ അവരുടെ അനുമതി ലഭിച്ചാൽ ശുചിമുറി സൗകര്യം സജ്ജമാക്കാമെന്നു പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ നടപടി എങ്ങും എത്തിയില്ല.

ലേലം പൂർത്തിയായില്ല

എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല, മകരവിളക്ക്, മാസപൂജ എന്നിവയുമായി ബന്ധപ്പെട്ട് എരുമേലി ദേവസ്വത്തിലെ നാളികേരം, പാർക്കിങ് കുത്തകകളുടെ ഇ– ടെൻഡർ നടപടി പൂർത്തിയായിട്ടില്ല. 58 കുത്തക ഇനങ്ങളാണ് ലേലം ചെയ്യുന്നത്. ശുചിമുറികൾ, സ്റ്റാളുകൾ, എന്നിവയുടെ ലേലം മാത്രമാണ് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com