തിരുവഞ്ചൂരിന്റെ എംഎൽഎ ഫണ്ടിൽനിന്ന് 1.81 കോടി, നൂതന സാങ്കേതിക വിദ്യ; കോട്ടയത്തിന് പുതിയ മുഖം
Mail This Article
കോട്ടയം ∙ കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് ഇന്ന് ആഹ്ലാദത്തിന്റെ ദീപാവലി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ നിർമാണം പൂർത്തിയാക്കിയ കോട്ടയം കെഎസ്ആർടിസി ടെർമിനൽ ഇന്നു യാത്രക്കാർക്കായി തുറക്കും. ഭൂകമ്പത്തെ നേരിടാൻ കഴിയുന്ന പ്രീസ്ട്രെസ്ഡ് പ്രീകാസ്റ്റ് ടെക്നോളജിയിലാണ് ടെർമിനലിന്റെ നിർമാണം നടത്തിയത്. മറ്റൊരു സ്ഥലത്ത് നിർമിച്ച കെട്ടിട ഭാഗങ്ങൾ ഇവിടെത്തിച്ച് കൂട്ടിയോജിപ്പിച്ചാണു നിർമാണം.
ഈപ്പൻ ജോർജിന്റെ ഉടമസ്ഥതയിലുള്ള ഇക്യുബ് സ്ട്രക്ചറൽ കംപെയിൻസ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാതാക്കൾ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.81 കോടി രൂപ ഉപയോഗിച്ചാണു നിർമാണം. ഒരു നിലയുള്ള കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സംവിധാനങ്ങളുമടക്കം 6,000 ചതുരശ്ര അടിയിലാണ് ടെർമിനൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്നു 4.30നു മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാവും.