മുഖ്യമന്ത്രിയുടെ മറുപടിയിൽ ധാർഷ്ട്യം; സമുദായം തിരിച്ചറിയുമെന്ന് സുകുമാരൻ നായർ
Mail This Article
ചങ്ങനാശേരി ∙ നാമജപഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നു തിരഞ്ഞെടുപ്പുവേളയിൽ വാഗ്ദാനം ചെയ്ത സർക്കാർ നിലപാടു മാറ്റിയത് ഒരു വിഭാഗത്തോടു കാട്ടുന്ന കടുത്ത അവഗണനയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ധാർഷ്ട്യം നിറഞ്ഞ പ്രതികരണമാണു ലഭിച്ചതെന്നു സുകുമാരൻ നായർ പറഞ്ഞു. കോടതിയിൽ പോകണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നായർസമുദായം മാത്രമല്ല, വിശ്വാസികളായ എല്ലാവരും സർക്കാരിന്റെ ഈ നിന്ദ്യമായ നടപടി തിരിച്ചറിയുന്നുണ്ട്. ഇതു വച്ചുപൊറുപ്പിക്കാനാവില്ല. നായർ സർവീസ് സൊസൈറ്റിയുടെ ജന്മദിനത്തിൽ പെരുന്നയിലെ മന്നം സമാധിയിൽ പതാക ഉയർത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേസുകൾ പിൻവലിക്കാത്തത് ഒരുവിഭാഗത്തെ സമൂഹത്തിൽ മാറ്റിനിർത്തുന്നതിനു തുല്യമാണ്. നാമജപം നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമ്പോൾ കൊലപാതകക്കേസുകളിൽ പെട്ടവർ സ്വൈരമായി നടക്കുകയാണ്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുഷ്പാർച്ചനയും പ്രതിജ്ഞയുമായിപതാകദിനാഘോഷം
നായർ സർവീസ് സൊസൈറ്റിയുടെ ജന്മദിനം എൻഎസ്എസ് പതാകദിനമായി ആചരിച്ചു. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും എൻഎസ്എസ് പതാക ഉയർത്തി. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും നടത്തി.പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പതാക ഉയർത്തി. എൻഎസ്എസിനു രൂപം നൽകിയ വേളയിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ ഉൾപ്പെടെ 14 പേർ ചേർന്നു ചൊല്ലിയ പ്രതിജ്ഞ ജനറൽ സെക്രട്ടറി ചൊല്ലിക്കൊടുത്തു. സമുദായാംഗങ്ങൾ ഏറ്റുചൊല്ലി. എൻഎസ്എസ് ആസ്ഥാനത്തിനു മുൻപിൽ പ്രസിഡന്റ് ഡോ. എം.ശശികുമാർ പതാക ഉയർത്തി. കരയോഗം റജിസ്ട്രാർ പി.എൻ.സുരേഷ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഹരികുമാർ കോയിക്കൽ തുടങ്ങിയവരും പങ്കെടുത്തു.