ആകാശപ്പാതയുടെ ഭാവി; ആശങ്കയ്ക്കു പരിഹാരമാകുന്നു: ഇനി കലക്ടർ തീരുമാനിക്കും
Mail This Article
കോട്ടയം ∙ ശീമാട്ടി റൗണ്ടാനയിലെ ആകാശപ്പാതയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. ഇതോടെ നഗരമധ്യത്തിൽ പണിതീരാതെ ഉയർന്നു നിൽക്കുന്ന നിർമാണത്തിന്റെ ഭാവി സംബന്ധിച്ച ആശങ്കയ്ക്കു പരിഹാരമായി.
ആകാശപ്പാതയുടെ നിർമാണം കലക്ടറുടെ പരിഗണനയിലാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇനി എന്തു നടപടിയെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയുമായി ആലോചിച്ച് കലക്ടർ തീരുമാനിക്കുമെന്നുമുള്ള സർക്കാരിന്റെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തി. ഹർജി 28ന് പരിഗണിക്കുന്നതിനായി മാറ്റി. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ ആവശ്യമില്ലെങ്കിൽ പൊളിച്ചു കളഞ്ഞുകൂടേയെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. ഗൗരവമുള്ള വിഷയമാണിതെന്നും അടിയന്തര റിപ്പോർട്ട് നൽകാനും സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു.
നിർമാണം മുടങ്ങിക്കിടക്കുന്ന ആകാശപ്പാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് എ.കെ. ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കക്ഷി ചേർന്നിരുന്നു. നഗരമധ്യത്തിൽ യാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കടക്കാൻ യുഡിഎഫ് ഭരണകാലത്ത് തിരുവഞ്ചൂർ മുൻകൈയെടുത്താണ് ആകാശപ്പാത നിർമാണം ആരംഭിച്ചത്.
എൽഡിഎഫ് സർക്കാർ വന്നതോടെ 6 വർഷത്തോളമായി പണിമുടങ്ങി. എംഎൽഎ ഫണ്ടിൽ നിന്ന് 1.65 കോടി അനുവദിക്കാമെന്നും കലക്ടറുടെ മേൽനോട്ടത്തിൽ പണിപൂർത്തീകരിക്കണമെന്നുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശം. ഈ തുക കഴിഞ്ഞ് ബാക്കി സർക്കാർ അനുവദിക്കണം. ആകാശപ്പാതയുടെ നിർമാണത്തിനായി ഇതുവരെ ചെലവഴിച്ചത് 1.95 കോടി രൂപയാണ്. 3.22 കോടി കൂടി ചെലവിട്ടാൽ നിർമാണം പൂർത്തിയാക്കാം.
ആകാശപ്പാത ചെലവ്
- പദ്ധതി തുക – 5.18 കോടി
- ജല അതോറിറ്റിക്ക് – 7.4 ലക്ഷം
- കെഎസ്ഇബി – 28.22 ലക്ഷം
- മണ്ണ് പരിശോധനയ്ക്ക് – 54,674
- കിറ്റ്കോ സർവീസ് ചാർജ് – 17,75,348
- പരസ്യ ഇനത്തിൽ – 4,11,625
- നിർമാണ ഏജൻസിക്ക് – 1,37,57,397
- ആകെ ചെലവ് – 1,95,61,044
- ബാക്കി തുക – 3,22,38,956
ഇനി വേണ്ടത് 3.22 കോടി