ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ എസ്എഫ്ഐ കോട്ടകളിൽ വിള്ളൽ വീഴ്ത്തി എംജി സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്. 4 പതിറ്റാണ്ടിനു ശേഷം നാട്ടകം ഗവ. കോളജിൽ ആദ്യമായി എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർഥി പരാജയപ്പെട്ടു. കെഎസ്​യു പിന്തുണയുളള സ്വതന്ത്ര സ്ഥാനാർഥിയാണ് ചെയർമാനായത്. അതും വൻ ഭൂരിപക്ഷത്തിൽ. സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് കോടതി വിധിയിലൂടെയാണ് നാട്ടകത്ത് സ്ഥാനാർഥികളെ മത്സരിപ്പിച്ചത്. 3 പേർ ജയിച്ചു.

അതേസമയം ജില്ലയിൽ തിരഞ്ഞെടുപ്പ്‌ നടന്ന 38 കോളജുകളിൽ 37 ഇടത്ത്‌ വിജയിച്ചതായി എസ്‌എഫ്‌ഐ അറിയിച്ചു. ചങ്ങനാശേരി എസ്‌ബി കോളജിലെ വിജയമാണ് എസ്എഫ്ഐ നേട്ടങ്ങളുടെ പട്ടികയിൽ ആദ്യം ചേർക്കുന്നതെന്നു ജില്ലാ പ്രസിഡന്റ് ബി. ആഷിക് പറഞ്ഞു. പുതുപ്പള്ളി പയ്യപ്പാടി ഐഎച്ച്ആർഡിയിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു.   നാട്ടകം ഗവ. കോളജിൽ എഐഎസ്എഫ് സ്ഥാനാർഥികളുടെ  പത്രിക നിസ്സാര കാരണങ്ങളാൽ തള്ളിയിരുന്നു.

കോളജ് പ്രിൻസിപ്പലിനും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നോമിനേഷൻ തള്ളിയ നടപടി ശരിവച്ചെന്ന് എഐഎസ്എഫ് ഭാരവാഹികൾ പറഞ്ഞു. തുടർന്ന് കഴിഞ്ഞ 28 നാണ് ഹൈക്കോടതി വിധിയിലൂടെ മത്സരിച്ചത്. ഏതാനും മണിക്കൂറുകൾ മാത്രമാണ് എഐഎസ്എഫ് സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് ലഭിച്ചത്. എന്നിട്ടും ഒന്നാം വർഷ പി.ജി റപ്രസന്റേറ്റിവായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി നിഖിൽ ബാബു വിജയിച്ചു. ലേഡി റപ്രസന്റേറ്റീവായി സീതലക്ഷ്മി 230 വോട്ടുകൾ നേടിയാണ് വിജയിച്ചതെന്നു ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപ് അറിയിച്ചു. 

നാട്ടകം ഗവ. കോളജിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐയുടെ അഖിൽ കെ. ദിലീപിനെ 260 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്വതന്ത്ര സ്ഥാനാർഥി സെബി വി. പീറ്റർ തോൽപിച്ചത്. കെഎസ്​യു പിന്തുണച്ചു. മാന്നാനം കെഇ കോളജിൽ ഉൾപ്പെടെ 3 ചെയർമാൻ സ്ഥാനമടക്കം അഭിമാനകരമായ തിരിച്ചുവരവാണ് ജില്ലയിൽ കെഎസ്​യു നേടിയതെന്നു ജില്ലാ പ്രസിഡന്റ് ഇൻ ചാർജ് ജോർജ് പയസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com