ഇറ്റുവെള്ളത്തിന് കാത്ത് പാറേച്ചാൽ
Mail This Article
പാറോച്ചാൽ ∙ സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ മുപ്പത്തെട്ടിൽ ചിറ വീട്ടിൽ നേദിക്കും അനിയൻ നിവേദും ഓടുന്നത് പുത്തനാറിന്റെ കടവിലേക്കാണ്. ആറിൽ ചാടി നീന്തി കളിക്കാനല്ല ഇവരുടെ ഓട്ടം അക്കരെ കടവിൽ വെള്ളം എടുക്കാൻ വള്ളത്തിൽ പോയ അമ്മ രേഷ്മയെ സഹായിക്കാനാണ് ഇവരുടെ ഓട്ടം.
അമ്മ ശേഖരിക്കുന്ന വെള്ളം കിട്ടിയിട്ടു വേണം അവർക്ക് കുടിക്കാനും കുളിക്കാനുമൊക്കെ. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പാറേച്ചാൽ, ചുങ്കത്തിൽ മുപ്പത്, പതിനാറിൽ ചിറ ഭാഗങ്ങളിലെ വീടുകളിലെ സ്ഥിരം കാഴ്ചയാണിത്. ചെറുവള്ളങ്ങളിൽ കുടങ്ങളും ബക്കറ്റുകളുമായി ആറിന് അക്കരെയുള്ള പൈപ്പിൻ ചുവട്ടിൽ അതിരാവിലെ ഇടം പിടിക്കുന്നത് ഒട്ടേറെ വീട്ടുകാരാണ്. ഇന്നും ഇന്നലെയും മാത്രമുള്ള ദുരിതമല്ല ഇവരുടേത്.
കുടിവെള്ളത്തിനായുള്ള ഇവരുടെ കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആറിന് കുറുകെയുള്ള പൊക്കുപാലത്തിലൂടെ നടന്നുപോയി വെള്ളം എത്തിക്കുന്നവരുമുണ്ട്. പാറേച്ചാലിലും ചുങ്കത്ത് മുപ്പത് ഭാഗങ്ങളിലെയും ഉൾപ്രദേശങ്ങളിൽ പാലമില്ലാത്തവർ പുലർച്ചെ തന്നെ ചെറുവള്ളങ്ങളുമായി വെള്ളം ശേഖരിക്കാൻ ഇറങ്ങണം.
പ്രതീക്ഷ
ആറ് മാസങ്ങൾക്ക് മുൻപ് ഗവൺമെന്റ് ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് 1500 മീറ്ററിൽ പാറേച്ചാൽ, പതിനാറിൽചിറ, കൊട്ടാരം നാൽപത്, ചുങ്കത്ത് മുപ്പത് ഭാഗങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഭാഗങ്ങളിൽ വെള്ളമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വീടുകളിലേക്ക് കണക്‌ഷൻ നൽകേണ്ട ജോലികളും, ആറിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്ന ജോലികളും ഇതിന് മുന്നോടിയായി ആരംഭിക്കാനുണ്ട്.