ചന്ദനക്കുടം ആഘോഷം ഇന്നും നാളെയും
Mail This Article
ചങ്ങനാശേരി ∙ ചരിത്രപ്രസിദ്ധമായ പുതൂർപ്പള്ളി ചന്ദനക്കുടം ആഘോഷം ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 4നു പുതൂർപ്പള്ളി അങ്കണത്തിൽ നടക്കുന്ന മാനവ മൈത്രി സംഗമം സംഗമം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.5.30ന് പുതൂർപ്പള്ളിയിൽ നിന്നു പഴയപള്ളിയിലേക്കു പുറപ്പെടുന്ന ചന്ദനക്കുടം ഘോഷയാത്രയ്ക്കു കെഎസ്ഇബി സെക്‌ഷൻ ഓഫിസ്, നഗരസഭ, ഹെഡ് പോസ്റ്റ് ഓഫിസ്, ഫയർസ്റ്റേഷൻ, റവന്യു ടവർ, രാജേശ്വരി കോംപ്ലക്സ്, പിഎംജെ കോംപ്ലക്സ് എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 6.50 നു പഴയപള്ളി മുസ്‌ലിം ജമാഅത്തിന്റെ സ്വീകരണത്തിനു ശേഷം 7.20 നു പുഴവാത് കാവിൽ ഭഗവതിക്ഷേത്ര സന്നിധിയിൽ ഘോഷയാത്ര എത്തും. 10.30ന് പുതൂർപ്പള്ളിയിൽ തിരിച്ചെത്തും.
നാളെ രാവിലെ 7ന് ഇരുപ്പ തൈക്കാവ് അങ്കണത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്ര ആരമല തൈക്കാവ്, മുക്കാട്ടുപടി ജംക്‌ഷൻ, തൃക്കൊടിത്താനം രക്തേശ്വരി ക്ഷേത്രം, ഇരുപ്പ ജംക്‌ഷൻ, ഫാത്തിമാപുരം ജംക്‌ഷൻ, മാരിയമ്മൻ കോവിൽ, കെഎസ്ആർടിസി, ഒന്നാം നമ്പർ ബസ് സ്റ്റാൻഡ്, വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സ്വീകരണം ഏറ്റുവാങ്ങി 11ന് പള്ളിയിൽ എത്തിച്ചേരും.
വൈകിട്ടു 5.15നു ചന്തക്കടവ് മൈതാനിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മൂസാവരി ജംക്‌ഷൻ, കെപിഎംഎസ് താലൂക്ക് യൂണിയൻ, സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളി, സെൻട്രൽ ജംക്‌ഷൻ, പാർഥാസ് ജംക്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. രാത്രി 12 നു നേർച്ചപ്പാറയിൽനിന്നു പുറപ്പെടുന്ന ചന്ദനക്കുടം ഘോഷയാത്ര വിവിധ സ്വീകരണങ്ങൾക്കു ശേഷം പുലർച്ചെ 2.30നു പുതൂർപ്പള്ളിയിൽ എത്തി സമാപിക്കും.
ഇന്ന് രാത്രി 9ന് ഗാനമേളയും നാളെ രാത്രി 10.30 ന് ഗാനമേളയും 1.30ന് മാപ്പിള ഗാനമേളയും നടക്കും. ഇരുദിവസങ്ങളിലും ചെണ്ടമേളം, നാഗസ്വരക്കച്ചേരി, ശിങ്കാരിമേളം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.