കമ്പനിക്കടവ് പാലം നിർമാണം ആരംഭിച്ചു; പണി പൂർത്തിയാകുന്നതുവരെ കടത്തുവള്ളം ഏർപ്പെടുത്തി
Mail This Article
പുന്നത്തുറ∙ പുതുപ്പള്ളി– ഏറ്റുമാനൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുന്നത്തുറ കമ്പനിക്കടവ് പാലം പുനർനിർമാണ ജോലികൾ പുരോഗമിക്കുന്നു. പാലം പൊളിച്ചു നീക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. എട്ടര മീറ്റർ വീതിയിലും, 83 മീറ്റർ നീളത്തിലുമാണു പുതിയ പാലം നിർമിക്കുക. 18 മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കണമെന്നാണ് കരാർ. മീനച്ചിലാറ്റിൽ ജലനിരപ്പു കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പരമാവധി ജോലികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.
മീനച്ചിലാറിനു കുറുകെ പുന്നത്തുറ കിഴക്ക്, പടിഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരുവശം ഏറ്റുമാനൂർ നഗരസഭയിലും മറുവശം അയർക്കുന്നം ഗ്രാമ പഞ്ചായത്തിലുമാണ് സ്ഥിതിചെയ്യുന്നത്. അയർക്കുന്നം ഭാഗത്തു നിന്നാണ് പാലം പൊളിച്ചു തുടങ്ങിയത്.. അടുത്ത ദിവസം മുതൽ പൈലിങ് ജോലികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. പാലത്തിന്റെ പകുതി ഭാഗം പൊളിച്ച ശേഷം പുതിയ പാലത്തിന്റെ പണികൾ ആരംഭിക്കും.
തുടർന്ന് അടുത്ത ഭാഗം പൊളിച്ചു പണിയും. പണി പൂർത്തിയാകുന്നതു വരെ നാട്ടുകാർക്ക് അക്കരെ ഇക്കരെ കടക്കാൻ കടത്തു വള്ളം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നര പതിറ്റാണ്ടു മുൻപാണ് കമ്പനി കടവു പാലം നിർമിച്ചത്. കാലപ്പഴക്കത്താൽ കൈവരികൾ തകർന്നു പാലം അപകടാവസ്ഥയിലായിരുന്നു. പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
തുടർന്ന് മന്ത്രി വി.എൻ.വാസവൻ ഇടപെട്ടാണ് പാലത്തിന്റെ പുനർനിർമാണം സാധ്യമാക്കിയത്. പാലത്തിനും സമീപന പാതയ്ക്കും 10.90 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പണി പൂർത്തിയാകുന്നതു വരെ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലം നിർമാണ കമ്മിറ്റി കൺവീനർ ഇ.എസ്.ബിജു, ജനറൽ കൺവീനർ ഇ.സി.വർഗീസ്, അംഗങ്ങളായ മണി പുന്നത്തുറ, ജോളി എട്ടുപറ, പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ, എന്നിവർ സ്ഥലത്തെത്തി നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ട്. പുതിയ പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്.