ADVERTISEMENT

തീക്കോയി ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതുതായി നിർമിക്കുന്ന കിടത്തി ചികിത്സാ വിഭാഗം കെട്ടിടത്തിന്റെ കോൺക്രീറ്റിങ് ജോലികൾക്കിടെ മുകൾഭാഗം ഇടിഞ്ഞു വീണു. റെഡിമിക്‌സ് മെഷീനിലെത്തിച്ച് തട്ടിനു മുകളിൽ കോൺക്രീറ്റ് നിറയ്ക്കുന്നതിനിടെ ഒരു ഭാഗം തകർന്ന് താഴേക്കു പതിക്കുകയായിരുന്നു. തൊഴിലാളികൾ പരുക്കേൽക്കാതെ രക്ഷപെട്ടു. കെട്ടിടത്തിന്റെ 60 ശതമാനം കോൺക്രീറ്റ് പൂർത്തിയായപ്പോഴാണ് ചെയ്ത ഭാഗം തട്ട് അടിച്ചിരുന്ന സ്പാൻ ഒടിഞ്ഞ് കോൺക്രീറ്റ് അടർന്നു വീണത്.

സർക്കാർ ഏജൻസിയായ നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമിക്കുന്നത്. എൻഎച്ച്എമ്മിന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണു കെട്ടിടം നിർമിക്കുന്നത്. എൻജിനീയർ അടക്കം സ്ഥലത്തുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് കോൺക്രീറ്റിനുള്ളിൽ നിന്നും കമ്പികൾ വലിഞ്ഞുമാറി.

തീക്കോയി ഗ്രാമപ്പഞ്ചായത്ത് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിതി കേന്ദ്രം നിർമിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് നടക്കുന്ന സമയത്ത് ഒരു ഭാഗം അടർന്നുവീണ സംഭവത്തിൽ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്കു കത്ത് നൽകിയതായി പ്രസിഡന്റ് കെ.സി ജയിംസ് പറഞ്ഞു.

കോൺക്രീറ്റ് ചെയ്ത ഭാഗം മുഴുവനും ഇളക്കി മാറ്റി വീണ്ടും പുതിയതായി കോൺക്രീറ്റ് ചെയ്യുവാൻ നിർദേശം നൽകിയതായി പ്രസിഡന്റ് പറഞ്ഞു. കെട്ടിട നിർമാണം പഞ്ചായത്തിന്റെ എൻജിനീയറിങ് സംവിധാനത്തിലൂടെയല്ല നിർമിക്കുന്നത്. കോട്ടയം നിർമിതി കേന്ദ്രത്തിനാണു ചുമതലയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പഞ്ചായത്ത് നൽകുന്ന പല നിർദേശങ്ങളും നിർമിതിയുടെ എൻജിനീയർ ഉൾക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് ഉത്തരവാദിയായ നിർമിതി കേന്ദ്രത്തിന്റെ എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.സി ജയിംസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com