വഴിമുടക്കി വാഹന പരിശോധന: നാട്ടുകാർ വലയുന്നു
Mail This Article
പാലാ ∙ കൊച്ചിടപ്പാടി ഭാഗത്ത് പഴയ റോഡിലെ മോട്ടർ വാഹന വകുപ്പിന്റെ വാഹന പരിശോധന പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 1 വർഷം മുൻപ് റോഡിലെ വാഹന പരിശോധനയ്ക്കെതിരെ വാർഡ് കൗൺസിലർ സിജി ടോണിയുടെ നേതൃത്വത്തിൽ നാട്ടുകാർ മോട്ടർ വാഹന വകുപ്പ് അധികൃതർക്കു പരാതി നൽകിയിരുന്നു. പരാതി നൽകിയശേഷം പ്രശ്നത്തിനു പരിഹാരമായിരുന്നു.എന്നാൽ ഇപ്പോൾ പരിശോധനയ്ക്കായി എത്തുന്ന വാഹനങ്ങൾ പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ്. ടെസ്റ്റിങ്ങിനായി എത്തിക്കുന്ന വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമൂലം കൊച്ചിടപ്പാടി, കവീക്കുന്ന് ഭാഗത്തെ ആളുകൾക്ക് മെയിൻ റോഡിലേക്ക് പലപ്പോഴും വാഹനവുമായി എത്താൻ സാധിക്കാത്ത അവസ്ഥയാണ്.
ഡൈവിങ് ടെസ്റ്റിനായി എത്തുന്ന വാഹനങ്ങൾ കൊച്ചിടപ്പാടിയിലെ പഴയ റോഡ് മുഴുവനായും ബ്ലോക്ക് ചെയ്യുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വാർഡ് കൗൺസിലർ സിജി ടോണി കഴിഞ്ഞ ദിവസം സ്ഥലത്തെത്തുകയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെടാത്ത നിലയിൽ മാത്രമേ വാഹന ടെസ്റ്റിങ് നടത്തുകയുള്ളൂവെന്ന് അധികൃതർ ഉറപ്പു നൽകി.കൊച്ചിടപ്പാടിയിൽ നടത്തുന്ന വാഹന പരിശോധനയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അതിന്റെ പേരിൽ പ്രദേശവാസികളെ തടഞ്ഞാൽ ശക്തമായ സമര പരിപാടികൾക്കു നേതൃത്വം നൽകുമെന്നും ടോണി തോട്ടം പറഞ്ഞു.