നാവുണങ്ങി കോലത്താർ മേഖല; വെള്ളമില്ലാതെ വലഞ്ഞ് ജനം
Mail This Article
തലയോലപ്പറമ്പ് ∙ കോലത്താറിലെ പൈപ്പുകൾ വിശ്രമിക്കുന്നു, ജലക്ഷാമത്തിൽ വലഞ്ഞ് പ്രദേശവാസികൾ. കോലത്താർ പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങൾക്ക് ഇപ്പോൾ ശുദ്ധജലം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. വേനൽ കടുത്തതോടെ വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് ഇവിടത്തുകാർ. പൊതുവേ താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ മഴക്കാലങ്ങളിൽ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകുക പതിവാണ്. അതിനാൽ കിണറുകളിൽ ഭൂരിഭാഗവും ഉപയോഗ ശൂന്യമാണ്.
പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബങ്ങൾ. രാത്രികാലങ്ങളിൽ വല്ലപ്പോഴും പൈപ്പിലൂടെ വെള്ളം വരും. ഉറക്കമിളച്ചു കാത്തിരുന്നാലും നൂൽ കണക്കെ വരുന്ന വെള്ളം ബക്കറ്റിൽ നിറയണമെങ്കിൽ സൂര്യോദയം വരെ കാത്തിരിക്കണം. പിന്നാക്ക വിഭാഗക്കാർ ഏറെയുള്ള ഈ പ്രദേശത്ത് ഭൂരിഭാഗവും ദിവസ വേതന തൊഴിലാളി കുടുംബങ്ങളാണ്. ഇവർക്ക് പൊതുപൈപ്പിലൂടെ വരുന്നതും വീടുകളിലെ കണക്‌ഷനുമാണ് ആശ്രയം.
വെള്ളം കിട്ടാതാകുമ്പോൾ കിലോമീറ്ററോളം താണ്ടി ബന്ധുവീടുകളിൽ നിന്ന് ശുദ്ധജലം ശേഖരിച്ച് കൊണ്ടുവരികയാണ്. ഭീമമായ പണം മുടക്കി ടാങ്കറുകളിൽ വെള്ളം വാങ്ങാനുള്ള ശേഷി ഇവർക്കില്ല. ജലജീവൻ മിഷൻ പദ്ധതി വഴി മിക്ക വീടുകളിലും പൈപ് കണക്‌ഷൻ ലഭിച്ചെങ്കിലും വെള്ളം എത്തുന്നില്ല. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.