നേരേകടവ് പാലം: നിർമാണം മന്ത്രി വന്നു കണ്ടിട്ടും ഫലമില്ല
Mail This Article
വൈക്കം ∙ നേരേകടവ് – മാക്കേക്കടവ് പാലം നിർമാണത്തിനുള്ള റിവൈസ്ഡ് എസ്റ്റിമേറ്റിന് അനുമതി ഇനിയും ആയിട്ടില്ല. റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച നിർദേശം പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിന് നൽകിയിട്ട് 7 മാസമായി. ഇതിൽ ധനവകുപ്പ് പരിശോധന നടത്തിയാണ് അനുമതി നൽകേണ്ടത്. അത് വൈകുകയാണ്.
നിലവിൽ ധനവകുപ്പിന്റെ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ പക്കലാണ് ഫയലുള്ളത്. ഇദ്ദേഹം ഫയൽ സംബന്ധിച്ച് വിശദാംശങ്ങളും സംശയങ്ങളും പൊതുമരാമത്ത് വകുപ്പിനോട് ചോദിക്കുകയും മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്. നവംബർ 1ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പാലം നിർമാണം അവസ്ഥ സന്ദർശിച്ചിരുന്നു.
എന്നിട്ടും മാസങ്ങളായി നടപടി ഉണ്ടാകുന്നില്ല. റിവൈസ്ഡ് എസ്റ്റിമേറ്റിന് പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിന് മൂന്ന് ഇനം നിർദേശങ്ങളാണ് നൽകിയിരുന്നത്.നിലവിൽ പൊതുമരാമത്ത് ഉപയോഗിക്കുന്ന നിരക്ക് ഡൽഹി ഷെഡ്യൂൾഡ് റേറ്റ് (ഡിഎസ്ആർ) ആണ്. ഇത് 2018ലെ നിരക്കാക്കി പുതുക്കണമെന്നതാണ് ഒന്നാമത്തെ നിർദേശം.
നിലവിൽ 2012ലെ ഡിഎസ്ആർ ആണ് നൽകിയിരിക്കുന്നത്. പ്രാദേശിക വിപണിവില അനുസരിച്ച് നിരക്ക് പുതുക്കലാണ് രണ്ടാമത്തെ നിർദേശം.(ലോക്കൽ മെറ്റീരിയൽ റേറ്റ്). 2018ലെ ഡിഎസ്ആറും 10 ശതമാനം അധികവും വരുന്ന നിരക്കാണ് മൂന്നാമത്തേത്.2016ലാണ് പാലം നിർമാണം തുടങ്ങിയത്. ഒന്നര വർഷത്തോളം നിർമാണം നടന്നെങ്കിലും സ്ഥലം ലഭ്യത പ്രശ്നങ്ങളെ തുടർന്ന് നിലച്ചു.
പിന്നീട് കോവിഡ് തടസ്സങ്ങളായി. സ്ഥലമെടുപ്പ് തടസ്സങ്ങൾ കോടതി മുഖേന അടക്കം പരിഹരിച്ചിട്ട് 7 മാസത്തോളമായി. വർഷങ്ങളോളം നിർമാണം നിലച്ചപ്പോൾ നിർമാണ സാമഗ്രികൾക്ക് വിലയേറിയതിനാലാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് ആവശ്യമായത്. അതിന്റെ തീരുമാനവും മാസങ്ങളായി വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.
നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രം കയറുന്ന ചങ്ങാടത്തിലൂടെയാണ് ഇവിടത്തെ യാത്ര. മറ്റു യാത്രക്കാർ വൈക്കത്ത് എത്തി ജങ്കാറിലൂടെയോ തണ്ണീർമുക്കം ബണ്ടിലൂടെയോ യാത്ര ചെയ്യണം. പാലം വന്നാൽ വൈക്കത്തുകാർക്ക് തൈക്കാട്ടുശേരി, അരൂർ, തുറവൂർ, കുമ്പളം, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലേക്ക് യാത്ര എളുപ്പമാകും.
അപ്രോച്ച് റോഡ് സ്ഥലം ഏറ്റെടുക്കൽ
∙ നേരേകടവ് – മാക്കേക്കടവ് പാലത്തിന്റെ പുനർനിർമാണം തുടങ്ങുന്നതിനു മുന്നോടിയായി നേരേകടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്ന ജോലി പൂർത്തിയായി. എന്നാൽ റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്ന ജോലി ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ സർക്കാർ പരിഗണനയിലാണ്.