ADVERTISEMENT

കുറിച്ചിത്താനം ∙നാലുകെട്ടിനു സമീപം വന തീർഥം എന്ന പേരിൽ ചെറിയൊരു കുളം. വളർന്നു വരുന്ന ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ ബുദ്ധ പ്രതിമ. അരികിലായി കാനന ക്ഷേത്രവും രാശിചക്ര വനവും മനുഷ്യരൂപത്തി‍ൽ ഹ്യൂമൻ ഗാർഡനും. എഴുത്തുകാരൻ അനിയൻ തലയാറ്റുംപിള്ളി തന്റെ മനയുടെ സമീപം ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യങ്ങളുടെ കാഴ്ച വേറിട്ടതാണ്. മെഡിറ്റേഷൻ പാർക്ക് നിർമാണം താമസിയാതെ ആരംഭിക്കും.

പ്രകൃതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണ് ഇദ്ദേഹം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിന്റെ പരിസ്ഥിതി മിത്ര പുരസ്കാരം ഉൾപ്പെടെ നേടിയ അനിയൻ തലയാറ്റുംപിള്ളി ജൈവ വൈവിധ്യ സംരക്ഷണത്തിനായി ലക്ഷങ്ങൾ മുടക്കി. പക്ഷേ കാനന ക്ഷേത്രത്തിലെ ധ്യാനം ഉൾപ്പെടെ എല്ലാം സൗജന്യം.ജപ്പാനിലെ മിയാവാക്കി വന നിർമിതിയുടെ രൂപത്തിലാണ് കാനന ക്ഷേത്രം. ചെറിയ ഒരു പ്രദേശത്തു കുറഞ്ഞ സമയം കൊണ്ടു രൂപപ്പെടുന്ന ചെറു വനം. 5 വർഷത്തിനുള്ളിൽ വനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം.

പ്രകൃതിയോടു ചേർന്നു എഴുത്തുപുര, വള്ളിക്കുടിൽ, ഊഞ്ഞാൽ, കാനന പാത തുടങ്ങിയ പദ്ധതികളും ഇവിടെ നടപ്പാക്കുന്നു. ഇതൊരു വിനോദ സഞ്ചാര പദ്ധതി അല്ല എന്നു അനിയൻ ഉറപ്പിച്ചു പറയുന്നു. ഹരിത കേരള മിഷനും വനം വകുപ്പും സഹകരണം നൽകാൻ തയാറായിട്ടുണ്ട്. 4 ഘട്ടമായി തരംതിരിച്ചാണ് കാനന ക്ഷേത്രം വിഭാവനം ചെയ്തിരിക്കുന്നത്. അശ്വതി മുതൽ രേവതി വരെ 27 നക്ഷത്രങ്ങൾക്കു അനുയോജ്യമായ വൃക്ഷങ്ങൾ നട്ടു വളർത്തിയ നക്ഷത്ര വനം, നവഗ്രഹ ഉദ്യാനം, മനുഷ്യരൂപത്തിൽ ഔഷധ തോട്ടം എന്നിവ ഇതിന്റെ ഭാഗമാണ്.

നീണ്ടു നിവർന്നു കിടക്കുന്ന മനുഷ്യരൂപം മണ്ണിൽ രൂപപ്പെടുത്തി ഓരോ അവയവങ്ങൾക്കും ആവശ്യമായ ഔഷധ സസ്യം 12 സ്ഥലങ്ങളിൽ നട്ടു. ആകെ 60 തരം ഔഷധസസ്യം ഇതിനായി വേണ്ടിവന്നു. അപൂർവ ഔഷധ സസ്യങ്ങളുടെ കലവറ ആണ് ഇപ്പോൾ ഈ പുരയിടം.കാനന ക്ഷേത്രത്തിൽ സൂര്യനമസ്കാരം ചെയ്യുന്നതിനു ആദിത്യ മണ്ഡപം ഒരുക്കും. ഇതിനൊപ്പം അതിന്ദ്രിയം എന്ന പേരിൽ ധ്യാനത്തിനു പർണശാലയും ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com