ADVERTISEMENT

തൊട്ടുകൂട്ടാൻ ഉണക്കമീൻകറി, കൺനിറയെ വെടിക്കെട്ട്, ആധിയും വ്യാധിയും അകറ്റാൻ വിശുദ്ധ സെബസ്ത്യാനോസും...

കോട്ടയം∙ തുണ്ട് മീൻ (ഉണക്കമീൻ) തേങ്ങാക്കൊത്തും കുടംപുളിയുമിട്ട് ചുവന്ന നിറത്തിൽ കുറുക്കി വറ്റിച്ചെടുക്കുന്ന മീൻകറിയുടെ സ്വാദ് അതിരമ്പുഴയിലെ മുതിർന്നവരുടെ നാവിലിപ്പോഴുമുണ്ട്. അതിരമ്പുഴപ്പള്ളിയിലിരുന്ന് പെരുന്നാളിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചപ്പോൾ പെരുന്നാൾ കൂടാനെത്തുന്ന ബന്ധുക്കൾ തന്ന രണ്ടണയുമായി പള്ളിപ്പറമ്പിൽ ചുറ്റിത്തിരിയുന്ന പ്രായത്തിലേക്ക് അവർ തിരിച്ചുപോയി. ‌

തൃശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടും ജനസാഗരമായ പ്രദക്ഷിണവും ജൗളിക്കടകളും കൈനോട്ടക്കാരും പെരുന്നാളിന്റെ പകിട്ടുമെല്ലാം ഓർമകളിൽ നിറഞ്ഞുതെളിഞ്ഞു. നാടിന്റെ കാവലാളായ വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാൾ വരവേൽക്കാൻ സെന്റ് മേരീസ് ഫൊറോന പള്ളിയും പരിസരപ്രദേശങ്ങളും ഒരുങ്ങുമ്പോൾ മനോരമ സംഘടിപ്പിച്ച കൂട്ടായ്മയിൽ പഴമ നിറ‍ഞ്ഞ പെരുന്നാൾ ഓർമകൾ ഓർത്തെടുക്കുകയാണ് നാട്ടിലെ മുതിർന്ന തലമുറ.

കെ.പി. ദേവസ്യ  കുറുപ്പുംതുണ്ടത്തിൽ (84) 

ഭക്തിയും വിശ്വാസവും ഇഴയിട്ടാണ് അതിരമ്പുഴക്കാർ പെരുന്നാൾ ആഘോഷിക്കുന്നത്. വിവാഹം കഴിച്ചും ജോലിക്കും കൃഷിക്കുമായി അതിരമ്പുഴ വിട്ടുപോയവർ പെരുന്നാളിനു തിരികെയെത്തും. ബന്ധങ്ങൾ പുതുക്കുന്നതിനും ഓർമകൾ പങ്കുവയ്ക്കുന്നതിനും അതിരമ്പുഴ പെരുന്നാൾ വേദിയാകും. വലിയ കലത്തിൽ ചോറ് വച്ച് തുണ്ട് മീൻ തേങ്ങാക്കൊത്തിട്ട് കറിവയ്ക്കുന്നതാണ് പ്രധാന വിഭവം. വിരുന്നെത്തുന്നവർ 2 അണയൊക്കെ കുട്ടികൾക്ക് പെരുന്നാൾ പടി നൽകും.

പള്ളിപ്പറമ്പ് നിറയെ അന്ന് തെങ്ങായിരുന്നു. പെരുന്നാളിന് തൊട്ടുമുൻപ് അപകടങ്ങൾ ഒഴിവാക്കാനായി അത് വെട്ടിയൊതുക്കും. കവുങ്ങ് വെട്ടി ഒരുക്കുന്ന അലങ്കാരങ്ങളും മെഴുകുതിരി ഉപയോഗിച്ചുള്ള ദീപാലങ്കാരങ്ങളുമെല്ലാം അന്നത്തെ മാത്രം കൗതുകങ്ങൾ. മെഴുകുതിരികൾ കത്തിത്തീർന്നാലുടൻ വെടിക്കെട്ട് ആരംഭിക്കും. ഈരാറ്റുപേട്ട, പാലാ, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നെല്ലാം വെടിക്കെട്ട് കാണൻ ആളുകളും വരുമായിരുന്നു.

കെ.സി. ജോൺ കൊച്ചുപുളിക്കൽ (84) 

24ന് ചന്തചുറ്റി പ്രദക്ഷിണം പള്ളിയിലെത്തിയാൽ വെടിക്കെട്ട് ആരംഭിക്കുകയായി. മണ്ണിട്ടാൽ വീഴാത്തവിധം ജനം മൈതാനത്തു തിങ്ങിക്കൂടും. അതിരമ്പുഴ, തത്തംപള്ളി, ആലപ്പുഴ, ചേർത്തല, ചെമ്പിളാവ് തുടങ്ങിയ ദേശക്കാരുടേതായി 7 സെറ്റ് വെടിക്കെട്ട് വരെയുണ്ടായിരുന്നു അന്ന്.

രാത്രി പത്തിനു തുടങ്ങി വെളുപ്പിനു 3 വരെ നീളുന്ന ദീപക്കാഴ്ച. ഓരോ സെറ്റ് കഴിയുമ്പോഴും ആവേശം ആർപ്പുവിളികളാകും. ആ ആർപ്പുവിളികൾക്കും ഉത്സവക്കാഴ്ചകൾക്കും കാലം മാറിയതോടെ പകിട്ടും കുറഞ്ഞിട്ടുണ്ട്.

പി.വി. മൈക്കിൾ പെരുംതുരുത്ത് (75) 

കിഴക്കൻ തിരുവിതാംകൂറിന്റെ വാണിജ്യ കേന്ദ്രമായിരുന്നു അതിരമ്പുഴ ചന്ത. മലയോര മേഖലകളിൽനിന്ന് ആളുകൾ സാധനങ്ങൾ വിൽക്കാനും വാങ്ങാനുമെത്തും. അവർ വരുന്ന കാളവണ്ടികളുടെ ‘പാർക്കിങ്’ കിലോമീറ്ററുകളോളം നീളും. കടവിൽനിന്നു വള്ളത്തിലാണ് ആലപ്പുഴയ്ക്കും കൊച്ചിക്കും സാധനങ്ങൾ കൊണ്ടുപോകുന്നത്. ജലഗതാഗതം ആയിരുന്നു അന്നത്തെ പ്രധാന മാർഗം.

തിങ്കളും വ്യാഴവുമാണു പ്രധാന ചന്തദിവസങ്ങൾ. പെരുന്നാൾ കാലത്ത് ഇത് കൂടുതൽ ദിവസം നീളും. അരിപ്പെട്ടി മുതൽ അലമാര വരെയുള്ള ഫർണിച്ചർ അന്നു പെരുന്നാൾ സ്ഥലത്തേ കിട്ടൂ. അതിരമ്പുഴ പെരുന്നാൾ കഴിഞ്ഞാൽ അടുത്തയാഴ്ചയാണു കുറവിലങ്ങാട് പെരുന്നാൾ. ഇവിടെ കടകൾ അഴിച്ചാൽ നേരെ അടുത്ത പെരുന്നാൾ സ്ഥലത്തേക്ക്.

ഏലിക്കുട്ടി ഞെരളിക്കോട്ടിൽ (80) 

എല്ലാ വീടുകളും ചെറിയ ചായക്കടകളായി മാറുന്ന കാലംകൂടിയായിരുന്നു അത്. ചാണകം മെഴുകിയ മുറത്തിൽ പേപ്പറിട്ട് പലഹാരങ്ങൾ നിരത്തിവയ്ക്കും. മുറ്റത്ത് പന്തലിട്ട് ബെഞ്ചും ഡെസ്കും നിരത്തി ചൂടു ചോറും കറികളും വിളമ്പും. കുക്കറും ഗ്യാസുമൊന്നുമില്ലാത്ത കാലത്ത് കഷ്ടപ്പെട്ട് ദിവസങ്ങളെടുത്താണ് എല്ലാം ഉണ്ടാക്കിയിരുന്നത്.

അന്ന് ഇടവകാംഗങ്ങൾ തന്നെ ഒരുപാട് പേരുണ്ടായിരുന്നു. ഈ പള്ളിയിൽ നിന്നു മാത്രം 14 ജനങ്ങൾ 14 ഇടവക തിരിഞ്ഞുപോയി. ഇപ്പോഴും 6 പഞ്ചായത്തുകളുടെ ഭാഗമാണ് ഇടവക. 2500 ഇടവകാംഗങ്ങളുമുണ്ട്.

എം.എം. സെബാസ്റ്റ്യൻ മണ്ണഞ്ചേരി (73) 

ആത്മീയ ചരിത്രത്തിൽ ഏറെ പ്രത്യേകതകളുള്ളതാണ് സെന്റ് മേരീസ് ഫൊറോന ദേവാലയം. പോർച്ചുഗലിൽ നിന്ന് ഒരു പോർച്ചുഗീസ് നാവികനാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ഇവിടെ കൊണ്ടുവന്നത്. 3 തിരുരൂപങ്ങളാണ് അദ്ദേഹം കേരളത്തിലെത്തിച്ചത്. അതിരമ്പുഴയ്‌ക്കു പുറമേ തൃശൂർ ജില്ലയിലെ കാഞ്ഞൂർ, ആലപ്പുഴയിലെ അർത്തുങ്കൽ എന്നിവിടങ്ങളിലാണ് മറ്റുള്ളവ സ്‌ഥാപിച്ചിരിക്കുന്നത്. സാധാരണനിലയിൽ അമ്പോടുകൂടിയ വിശുദ്ധ സെബസ്‌ത്യാനോസിനെയാണു കാണുന്നത്.

എന്നാൽ അതിരമ്പുഴയിൽ സ്‌ഥാപിച്ചിരിക്കുന്നത് അമ്പില്ലാത്ത വിശുദ്ധനെയാണ്. രണ്ടടി ഉയരമുള്ള തിരുസ്വരൂപത്തെ വഹിക്കുന്ന രൂപക്കൂടും പോർച്ചുഗലിൽ നിന്നാണ് കൊണ്ടുവന്നത്. മരം, സ്വർണം എന്നിവകൊണ്ടാണിതു നിർമിച്ചിരിക്കുന്നത്. അതിരമ്പുഴ ദേശത്തെ എട്ടമശേരി ഇല്ലത്തെ നമ്പൂതിരിയാണ് പള്ളി പണിയാൻ സ്ഥലം നൽകിയത്. നാട്ടിലാകെ വസൂരി പടർന്നുപിടിച്ചപ്പോൾ വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചതുവഴി രോഗശാന്തിയുണ്ടായെന്ന് ഐതിഹ്യമുണ്ട്. 

ലില്ലിക്കുട്ടി മാത്യു  കുടിലിൽ (78) 

രോഗങ്ങൾ അകറ്റാൻ സെബസ്ത്യാനോസ് പുണ്യാളനോടു പ്രാർഥിച്ച് കഴുന്നെടുക്കാനും പ്രദക്ഷിണം കൂടാനുമായി ഇടുക്കി, കട്ടപ്പന, മേലുകാവ് എന്നിവിടങ്ങളിൽ നിന്നെല്ലാം ബന്ധുജനങ്ങളെത്തും. 70 പേർ വരെ വീട്ടിൽ വന്നു കിടക്കുമായിരുന്നു.

ഇവർക്കെല്ലാം ഭക്ഷണമുണ്ടാക്കണം. പോത്തും, നാടൻ കോഴിയുമാണ് പ്രധാന ഇറച്ചി വിഭവങ്ങൾ. ഇതിനായി ഗീവർഗീസ് പെരുന്നാളിന് ലേലം വിളിച്ച് വാങ്ങുന്ന കോഴിയെ വീട്ടിൽ വളർത്തും. 2 നിലയായിരുന്നു അന്നത്തെ കോഴിക്കൂട്.    

അതിരമ്പുഴയിൽ ഗതാഗതനിയന്ത്രണം 

അതിരമ്പുഴ∙ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ നഗര പ്രദക്ഷിണത്തോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 4 മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

∙ ഏറ്റുമാനൂർ ഭാഗത്തുനിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എംസി റോഡ്‌ വഴി ഗാന്ധിനഗർ ജംക്‌ഷനിലെത്തി വലത്തേക്കു തിരിഞ്ഞ് പോകേണ്ടതാണ്. 

∙ മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഗാന്ധിനഗർ ജംക്‌ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് എംസി റോഡ് വഴി പോകണം.

∙എംസി റോഡിൽ പാറോലിക്കൽ ജംക്‌ഷനിൽ നിന്നും അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങൾ പോകുവാൻ പാടില്ല. ഈ റോഡിൽ പാർക്കിങ് അനുവദിക്കില്ല.

∙ഏറ്റുമാനൂർ ഭാഗത്തുനിന്ന് അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകൾ ഉപ്പുപുര ജംക്‌ഷനിൽ ആളെയിറക്കി കോട്ടമുറി ജംക്‌ഷൻ വഴി തിരികെ പോകേണ്ടതാണ്.

∙ മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകൾ യൂണിവേഴ്സിറ്റി ജംക്‌ഷൻ ഭാഗത്ത് ആളെയിറക്കി തിരികെ പോകേണ്ടതാണ്.

∙മനയ്ക്കപ്പാടം ഓവർ ബ്രിജ് മുതൽ യൂണിവേഴ്സിറ്റി ജംക്‌ഷൻ വരെയുള്ള റോഡ്‌ സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും വൈകിട്ട് 3 മുതൽ പാർക്കിങ് അനുവദിക്കില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com