കുടമാളൂർ ദേവാലയം വിശ്വാസത്തിന്റെ ചരിത്രത്താളുകളിൽ ഓർമിക്കപ്പെടും: മാർ ജോസഫ് കല്ലറങ്ങാട്ട്
Mail This Article
കുടമാളൂർ ∙ സീറോ മലബാർ സഭയ്ക്കും നസ്രാണി പാരമ്പര്യത്തിനും അതുല്യ സംഭാവനകൾ നൽകിയ കുടമാളൂർ ദേവാലയം എന്നും വിശ്വാസത്തിന്റെ ചരിത്ര താളുകളിൽ ഓർമിക്കപ്പെടുമെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിലെ ദർശന തിരുനാളിന് സുറിയാനി ഭാഷയിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഭയ്ക്ക് വിശുദ്ധരെ നൽകിയ ഇടവകയുടെ സേവനങ്ങൾ വിശ്വാസ വഴികളിൽ നിസ്തുലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുനാളിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ 5.15 ന് കുർബാന റവ.ഫാ ജോയൽ പുന്നശ്ശേരി കാർമികത്വം വഹിക്കും. തുടർന്ന് 7ന് കുർബാനയ്ക്ക് മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് കാർമികത്വം വഹിക്കും. വൈകുന്നേരം 5ന് കുർബാനയ്ക്ക് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ കാർമികത്വം വഹിക്കും. തുടർന്ന് 6.30ന് നഗര പ്രദക്ഷിണം. പ്രസംഗം ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി. 9.00ന് കപ്ലോൻ വാഴ്ച.
തിരുനാളിന് ആർച്ച് പ്രീസ്റ്റ് ഫാ.ഡോ. മാണി പുതിയിടം, അസി. വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ഫാ. ജോയൽ പുന്നശ്ശേരി, പ്രസുദേന്തി ജോസഫ് സ്കറിയ തിരുതാകരിയിൽ, പി.എസ്. ദേവസ്യ പാലത്തൂർ, ജോർജ് കോര തുരുത്തേൽ, റോയി ജോർജ് കുന്നത്തുകുഴി, വി.ജെ. ജോസഫ് വേളാശേരിൽ, ജോർജ് ജോസഫ് പാണംപറമ്പിൽ, റിജോയ് തുരത്തേൽ, പി.ജി. ജോർജ്, ഏലിക്കുട്ടി കുഞ്ചെറിയ എന്നിവർ നേതൃത്വം നൽകും.