ADVERTISEMENT

കോട്ടയം ∙ മീനച്ചിലാറ്റിലെ വെള്ളത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറഞ്ഞതായും മനുഷ്യവിസർജ്യത്തിൽനിന്നുള്ള കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി കൂടിയതായും കണ്ടെത്തൽ. ആറിന്റെ തുടക്കമായ അടുക്കം മുതൽ ഒഴുകിച്ചേരുന്ന പഴുക്കാനിലക്കായൽ വരെ 14 സ്ഥലങ്ങളിലെ സാംപിളുകൾ പരിശോധിച്ച് വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. 12 വർഷത്തിനിടെ മീനച്ചിലാർ ഇത്രയും മലിനമാകുന്നത് ഇതാദ്യമാണ്. 

വെള്ളത്തിൽ വിസർജ്യം കൂടി. എണ്ണയുടെ സാന്നിധ്യം വർധിച്ചു. മാലിന്യം മീനുകൾക്കും മനുഷ്യർക്കും ഭീഷണിയാണ്. കുളിക്കാൻ പോലും ഉപയോഗിക്കാൻ സാധിക്കാത്ത വിധം വെള്ളം മലിനമായെന്നാണു പഠനത്തിലെ കണ്ടെത്തൽ. 4 നഗരസഭകളും 10 പഞ്ചായത്തുകളും മീനച്ചിലാറിനെ നേരിട്ട് ആശ്രയിക്കുന്നുണ്ട്. ജല അതോറിറ്റിയുടെ കൂടാതെ ജനകീയ ജലസേചന പദ്ധതികൾ ഉൾപ്പെടെ നാൽപതോളം പദ്ധതികൾ മീനച്ചിലാറ്റിലും കൈവഴികളിലുമായുണ്ട്. 

പിഎച്ച് കുറഞ്ഞു; ദോഷമെന്ത്? 

വെള്ളത്തിന്റെ പിഎച്ച് മൂല്യം മിക്കയിടത്തും ഏഴിൽ താഴെയായി. വെള്ളത്തിൽ അമ്ലത കൂടുന്നതാണു കാരണം. അമ്ലത കൂടിയാൽ ജലത്തിലെ ജൈവവൈവിധ്യം ഇല്ലാതാകും. ഒഴുക്കുവെള്ളത്തിൽ പോലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഒരു ലീറ്റർ വെള്ളത്തിൽ ഒരു ലക്ഷത്തിലേറെയാണ്. ഇതു വെള്ളം ഉപയോഗിക്കുന്നവരിൽ രോഗങ്ങളുണ്ടാക്കാം. 

ഓക്സിജൻ അളവ് കുറയുമ്പോൾ 

ജലത്തിൽ അലിഞ്ഞുചേർന്ന ഓക്സിജന്റെ അളവ് ഒരു ലീറ്റർ വെള്ളത്തിൽ ചുരുങ്ങിയത് 4 മില്ലിഗ്രാം വേണം. ഓക്സിജൻ കുറയുന്നതോടെ പുഴവെള്ളത്തിന്റെ ചൂടു വർധിക്കും. അടിത്തട്ടിൽ ഓക്സിജൻ തീരെയില്ലാതാകുമ്പോഴാണു മത്സ്യങ്ങൾ ജലോപരിതലത്തിലെത്തി പ്രാണവായുവിനുവേണ്ടി പിടയുന്നത്. ഓക്സിജൻ അളവ് കുറയുന്നതോടെ പുഴയുടെ ആവാസ വ്യവസ്ഥ തകിടം മറിയും. അമ്ലാംശമാകട്ടെ പരിധിയിലധികമാവും.

പരിഹാരമെന്ത്?

പുഴയുടെ തീരത്ത് തദ്ദേശസ്ഥാപനങ്ങൾ ശാസ്ത്രീയ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കണം. ആറ്റുതീരത്തുള്ള എല്ലാ  കെട്ടിടങ്ങൾക്കും  ശാസ്ത്രീയമായ സെപ്റ്റിക് ടാങ്കുകൾ വേണം. തീരത്ത് കണ്ടൽക്കാടുകൾ, മുളങ്കാടുകൾ, വെള്ളം ശേഖരിച്ചു നിർത്തുന്ന തുരുത്തുകൾ എന്നിവ വച്ചുപിടിപ്പിക്കണം.

മാലിന്യത്തിന് കാരണം 

മലിനജലം ഓടകളും പൈപ്പുകളും വഴി നേരിട്ടു പുഴയിലേക്ക് എത്തുന്നു. ആറ്റുപുറമ്പോക്കിലും കൈവഴികളിലും ഒഴുക്കുന്ന ശുചിമുറി മാലിന്യങ്ങൾ ആറ്റിലെത്തുന്നു.

ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡയറക്ടർ, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് :ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പിഎച്ച് മൂല്യം 6.5നും 8.5നും ഇടയിൽ വേണം. മാർമല വെള്ളച്ചാട്ടത്തിൽ ഇത് 4.83 മാത്രമാണെന്നു കാണുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞത് മീനുകളെ കൂടാതെ ജലസസ്യങ്ങളെയും ബാധിക്കും. 

മീനച്ചിലാറിനെ ആശ്രയിക്കുന്നത് എട്ടര ലക്ഷം പേർ 

പ്രാദേശിക ജലസേചന പദ്ധതി ഉൾപ്പെടെ ഏകദേശം എട്ടര ലക്ഷത്തോളം പേർ ശുദ്ധജലത്തിനായി പുഴയെ ആശ്രയിക്കുന്നുവെന്നാണു ജല അതോറിറ്റിയുടെ കണക്ക്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com