ADVERTISEMENT

കാലിത്തീറ്റ വിഷബാധ: നഷ്ടപരിഹാരം അകലെ 

കറുകച്ചാൽ ∙ പകലന്തിയോളം പണിയെടുത്താലും നഷ്ടക്കണക്കു മാത്രം മിച്ചമുള്ള ക്ഷീരകർഷകർക്ക് ഇരുട്ടടിയായി മാറി കാലിത്തീറ്റ വിഷബാധ. ഈ മാസം രണ്ടിനാണു സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റ കൊടുത്ത പശുക്കൾക്കു വിഷബാധ ഉണ്ടായത്. ജില്ലയിൽ 300ൽ അധികം പശുക്കൾക്കു വിഷബാധയേറ്റു. 8 പശുക്കൾ ചത്തു. വിഷബാധയേറ്റ പശുക്കളിൽ ഒട്ടുമിക്കവയും പൂർണ ആരോഗ്യ സ്ഥിതിയിൽ എത്തിയിട്ടില്ലെന്നു വെറ്ററിനറി അധികൃതർ പറയുന്നു. ജില്ലയിൽ 5000 ലീറ്റർ പാലിന്റെ കുറവു വന്നതായി ക്ഷീരസംഘം അധികൃതർ പറഞ്ഞു.

കാലിത്തീറ്റ വിഷബാധ കാരണം നഷ്ടം സംഭവിച്ച കർഷകർക്കു കാലിത്തീറ്റ കമ്പനിയിൽ നിന്നോ സർക്കാരിൽ നിന്നോ ഇതേവരെ സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. വെറ്ററിനറി വകുപ്പിൽ നിന്നു പശുക്കൾക്കു ചികിത്സാ സഹായം ലഭിക്കുന്നുണ്ട് എന്നുള്ളതു മാത്രമാണ് ആശ്വാസം. കമ്പനി അധികൃതർ ക്ഷീര കർഷക സംഘങ്ങളുമായി ഇന്നലെ ബന്ധപ്പെട്ടിരുന്നുവെന്നും നഷ്ടപരിഹാരം നൽകാമെന്നു പറഞ്ഞതായും വാഴൂർ ബ്ലോക്ക് മിൽക് സൊസൈറ്റി അസോസിയേഷൻ സെക്രട്ടറി വി.എൻ.മനോജ് പറഞ്ഞു.

‘പണി’ കിട്ടിയത് ഫാമുകൾക്ക്

പശുക്കളുടെ ഫാം നടത്തുന്നവരെയാണു കാലിത്തീറ്റ വിഷബാധ ഏറെ ബാധിച്ചത്. ഒന്നും രണ്ടും പശുക്കൾ ഉള്ളവർ സർക്കാർ കമ്പനിയുടെ തീറ്റയാണു വാങ്ങി നൽകിയത്. കൂടുതൽ പശുക്കൾ ഉള്ളതിനാൽ ഫാം നടത്തുന്നവർ സ്വകാര്യ കമ്പനിയുടെ തീറ്റയാണു നൽകുന്നത്. കെഎസ് കാലിത്തീറ്റ കമ്പനിയുടെ ഒരു ബാച്ചിൽ എത്തിയ കാലിത്തീറ്റയാണു വില്ലനായത്.

കന്നുകാലി കണക്ക് ഇങ്ങനെ

ജില്ലയിൽ ആകെയുള്ളത് 87159 കന്നുകാലികളാണ്. ഇതിൽ 81059 പശുക്കളും 6100 എരുമകളുമാണുള്ളത്.

വിരിപ്പുകൃഷി: കുടിശിക 35 കോടിയിലേറെ

കുമരകം ∙ പുഞ്ചക്കൃഷിയുടെ നെല്ലുസംഭരണം തുടങ്ങിയെങ്കിലും വിരിപ്പുകൃഷിയുടെ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോ കൊടുത്തു തീർന്നിട്ടില്ല. 35 കോടിയിലേറെ രൂപയാണു ജില്ലയിലെ കർഷകർക്കു കൊടുക്കാനുള്ളത്. കേരള ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കേ കുടിശികത്തുക ലഭിക്കുകയുള്ളൂ. അക്കൗണ്ട് എടുക്കാൻ പോലും പണം ഇല്ലാതെ വിഷമിക്കുകയാണു കർഷകർ.

തലയോലപ്പറമ്പ്, കല്ലറ, മാഞ്ഞൂർ, കിടങ്ങൂർ എന്നിവിടങ്ങളിലാണു പു‍ഞ്ചക്കൊയ്ത്തു തുടങ്ങിയത്. അടുത്തമാസം പകുതിയോടെ പടിഞ്ഞാറൻ മേഖലയിലേത് ഉൾപ്പെടെ വലിയ പാടശേഖരങ്ങളിലെ കൊയ്ത്തു തുടങ്ങും. ഇതോടെ യന്ത്രക്ഷാമം രൂക്ഷമാകും. 

വേനൽ മഴ കൂടി എത്തുന്നതോടെ കൊയ്യാനും ബുദ്ധിമുട്ടും. പുഞ്ച സീസണിൽ സംഭരിക്കുന്ന നെല്ലിന്റെ പണം സമയത്തു ലഭിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. 

കേരള ബാങ്കിൽ ബാങ്കിൽ അക്കൗണ്ട് എടുത്തു നെല്ല് സപ്ലൈകോയ്ക്ക് നൽകുമ്പോൾ ഒരാഴ്ചകൊണ്ടു പണം കിട്ടണമെന്നാണ് ആവശ്യം. വിരിപ്പു സീസണിൽ സംഭരിച്ച കിലോയ്ക്ക് 28 രൂപ 20 പൈസയും കൈകാര്യച്ചെലവ് ഇനത്തിലുള്ള 12 പൈസയും കൂട്ടിയാകും ഇത്തവണയും ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com