പൂഞ്ഞാർ തെക്കേക്കരയുടെ ടൂറിസം സാധ്യതകൾ എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ല
Mail This Article
പൂഞ്ഞാർ ∙ മലയോര മേഖലയുടെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താവുന്ന ഗ്രാമപ്രദേശമാണു പൂഞ്ഞാർ തെക്കേക്കര. പ്രകൃതിയുടെ വരദാനമായി നിലനിൽക്കുന്ന മനോഹാരിത നാടിന്റെ വികസനത്തിനോ പ്രാദേശിക സാമ്പത്തിക വികസനത്തിനോ പ്രയോജനപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണു യാഥാർഥ്യം. സംസ്ഥാനത്തിനു തന്നെ മാതൃകയാക്കാവുന്ന വിനോദ സഞ്ചാര കർമ പരിപാടിക്കുള്ള എല്ലാ വിഭവങ്ങളും തെക്കേക്കര പഞ്ചായത്തിലുണ്ട്.
വെള്ളച്ചാട്ടങ്ങളും മലനിരകളും വ്യൂ പോയിന്റുകളും ട്രക്കിങ് റൂട്ടുകളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശങ്ങൾ. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധനേടിയ കാർഷിക ഫാമുകൾ മറ്റൊരു ആകർഷണമാണ്. മലയോരങ്ങളിലെ ഗുണമേന്മയും വിശ്വാസ്യതയുമുളള കാർഷിക വിഭവങ്ങളുടെ വിപണിയു പ്രധാന സാധ്യതകളിൽ ഒന്നാണ്.
മുതുകോരമല
മുതുകോരമല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളുടെ ട്രക്കിങ് മേഖലയായി മാറിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ മഴ പെയ്തു മാറുന്ന ദിവസങ്ങളുടെ പിറ്റേന്ന് പുലർച്ചെ താഴ്‌വാരങ്ങളിലെ മഞ്ഞുപാളികളെ ക്യാമറയിലാക്കാൻ നിരവധി ഫൊട്ടോഗ്രഫർമാർ എത്താറുണ്ട്. മുതുകോരമലയ്ക്കു പൂഞ്ഞാറിന്റെ മീശപ്പുലിമല എന്ന പേരു വന്നതും ഇതുകൊണ്ടാണ്. മുതുകോരയുമായി ബന്ധപ്പെട്ടു തന്നെ കൊച്ചുപറമ്പിൽപാറ വ്യൂ പോയിന്റ്, കൂന്തംപാറ ഹിൽടോപ്, എടുത്തുവച്ചാംകല്ല് തുടങ്ങിയ സ്ഥലങ്ങളും ടൂറിസം സാധ്യതകളിൽ പെടുന്നു.
എന്നാൽ ഇവിടെയൊക്കെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ പ്രശ്നമാണ്. വഴികൾ മെച്ചപ്പെടാനുണ്ട്. ചിലയിടങ്ങളിൽ സഞ്ചാരയോഗ്യമായ പുതിയ വഴികൾ ഉണ്ടാകേണ്ടതുണ്ട്. ദിശാ ബോർഡുകളും അപകട സൂചനാ ബോർഡുകളും വേണം. അപരിചിതർക്കു ഗൈഡുകളുടെ സേവനം ലഭ്യമാക്കണം.
കുന്നോന്നി ഈന്തുംപള്ളിയിൽ (കവന്തി) നിന്നും മുതുകോരമലയിലേക്കു ട്രക്കിങ് റൂട്ടുണ്ട്. നാട്ടുകാരാണ് ഇവിടെയും വഴി തെളിക്കുന്നതും സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതും.
അടിവാരം കോട്ടത്താവളം വെള്ളച്ചാട്ടം
അടിവാരം കോട്ടത്താവളം വെള്ളച്ചാട്ടമാണ് മറ്റൊരു ആകർഷണം. മുതുകുന്നം ഭാഗത്തുള്ള ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് എത്തിപ്പെടാനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ പ്രദേശത്തിന്റെ മാത്രമല്ല പഞ്ചായത്തിന്റെ തന്നെ ഏറ്റവും വികസന സാധ്യതയുള്ള പദ്ധതികളിൽ ഒന്നാകുമിത്. വാഹനം എത്തുന്ന സ്ഥലം വരെ റോഡുകൾ മെച്ചപ്പെടുകയും മുന്നോട്ട് കൂടുതൽ ദൂരം വഴി ഉണ്ടാവുകയും വേണം. ഇപ്പോൾ ഉള്ള സൗകര്യങ്ങളിൽ തന്നെ സഞ്ചാരികൾക്ക് കൃത്യമായ മാർഗനിർദേശങ്ങളോ ദിശാസൂചകങ്ങളോ ഇല്ല. വഴിയോരത്തെ വെട്ടുകല്ലുംകുഴി വെള്ളച്ചാട്ടം ഉൾപ്പെടെ നിരവധി ചെറുതും വലുതുമായ നീർച്ചാലുകൾ അടിവാരത്തിന്റെ സമ്പത്താണ്.
പാതാമ്പുഴ അരുവിക്കച്ചാൽ വെള്ളച്ചാട്ടം
പാതാമ്പുഴ അരുവിക്കച്ചാൽ വെള്ളച്ചാട്ടം ഏറെ പ്രസിദ്ധമാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻപ് പ്രസിദ്ധീകരിച്ച ‘അൺസീൻ കോട്ടയം’ എന്ന ടൂറിസം ബ്രോഷറിൽ ജില്ലയിലെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടം എന്ന് പരിചയപ്പെടുത്തിയ അരുവിക്കച്ചാലിൽ സീസണിൽ നല്ല തിരക്കാണ്. പൂഞ്ഞാർ തെക്കേക്കരയിലെ ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം എത്തുന്നതിന് അനുയോജ്യമായ ഒന്നാണ് ഇത്. അപകടസാധ്യതയില്ലാത്ത വെള്ളച്ചാട്ടമാണിത്. പാതാമ്പുഴയിൽ നിന്ന് അരുവിയുടെ പരിസരത്തേക്കുള്ള റോഡിനു വീതി കുറവാണ്. തിരക്കുള്ള ദിവസങ്ങളിൽ വഴി താൽക്കാലികമായി തടസ്സപ്പെടാറുമുണ്ട്. ദിശാസൂചകങ്ങളൊന്നും തന്നെ ഔദ്യോഗികമായി ഇല്ല.
വികസന സാധ്യതയുള്ള പ്രദേശങ്ങൾ
ചോലത്തടം അണങ്ങുംപടി, മുത്തനള്ള്, ആലിപ്പാറ, പെരിങ്ങുളം പെരുവഞ്ചെന വെള്ളച്ചാട്ടം, പൂഞ്ഞാർ പുല്ലേപ്പാറ തുടങ്ങി നിരവധി വിനോദസഞ്ചാര സാധ്യതകൾ പൂഞ്ഞാർ തെക്കേക്കരയിൽ പ്രയോജനപ്പെടുത്താനുണ്ട്. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വികസനത്തിനും ഉതകുന്ന സമഗ്ര മാതൃകയാണ് ആവശ്യം.
ഒത്തൊരുമയുടെ ‘ഭൂമിക’
സന്നദ്ധസംഘടനയായ ഭൂമികയാണ് പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവ് എന്ന പേരിൽ പൂഞ്ഞാർ തെക്കേക്കരയിലെ ടൂറിസം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അരുവിക്കച്ചാലിൽ നാട്ടുപച്ച എന്ന പേരിൽ ഭൂമിക നേറ്റീവ് വിൻഡോകൾ സ്ഥാപിച്ച് പ്രാദേശിക സംരംഭകരെ ചുമതലയേൽപ്പിച്ചിട്ടുണ്ട്. പ്രദേശം വൃത്തിയായി സൂക്ഷിക്കുന്നതിനും സന്ദർശകരിൽ അച്ചടക്കം നിലനിർത്തുന്നതിനും ഇവർക്ക് കഴിയുന്നുണ്ട്. നേറ്റീവ് ഫാർമേഴ്സ് കലക്ടീവ്, നേറ്റീവ് വിമൻസ് കലക്ടീവ് എന്നിങ്ങനെ ഭൂമിക പരിശീലനം നൽകിയ പ്രാദേശിക സംരംഭകരെയും അവരുടെ ഉൽപന്നങ്ങളെയും ടൂറിസവുമായി ബന്ധപ്പെടുത്തുന്നത് ഈ നേറ്റീവ് വിൻഡോകളിലൂടെയാണ്.
കർഷകരുടെ വിവിധ ഫാമുകളിലേക്കും സംരംഭകരുടെ നിർമാണ യൂണിറ്റുകളിലേക്കും വിനോദസഞ്ചാരികളെ ആകർഷിക്കുക വഴി പ്രാദേശിക സാമ്പത്തിക വികസനവും സാധ്യമാക്കുന്നു. രണ്ടാമത്തെ നേറ്റീവ് വിൻഡോ നാട്ടുപച്ച മലയിഞ്ചിപ്പാറയിൽ പ്രവർത്തിക്കുന്നു. കൈപ്പള്ളിയിലും കുന്നോന്നിയിലും യൂണിറ്റുകൾക്കായി സംരംഭകർക്ക് പരിശീലനം നൽകി വരുന്നു. പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിന്റെ ഭാഗമായി ദിശാസൂചകങ്ങളും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഇതുവരെയും സഞ്ചാരികൾക്കു പ്രയോജനകരമായ വിവരങ്ങൾ നൽകാൻ ഔദ്യോഗിക സംവിധാനങ്ങൾ ഇല്ല. മാർച്ച് 12ന് ഭൂമികയിൽ ടൂറിസം ഇൻഫർമേഷൻ സെന്റർ ആരംഭിക്കും.
അധികൃതർ പതുങ്ങുമ്പോൾ നാട്ടുകാർ കുതിക്കുന്നു
ഔദ്യോഗികമായ പിന്തുണ കാര്യമായി ഇല്ലാതെയാണ് നാട്ടുകാർ അതത് സ്ഥലങ്ങളുടെ ടൂറിസം സാധ്യതകളെ സമൂഹ മാധ്യമങ്ങളിലൂടെയും അച്ചടി – ദൃശ്യ മാധ്യങ്ങളിലൂടെയും യു ട്യൂബർമാർ വഴിയും പൊതുസമൂഹത്തിനു പരിചയപ്പെടുത്തുന്നത്. അവിടങ്ങളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ടൂറിസത്തെ പ്രയോജനപ്പെടുത്തുക എന്ന നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ ജനകീയ ഇടപെടലുകൾ നടക്കുന്നത്.
ട്രക്കിങ്ങിനായുള്ള നടപ്പുവഴികൾ വെട്ടിയൊരുക്കുന്നതും കുഴികൾ നികത്തുന്നതും സൂചനാ ബോർഡുകളും മുന്നറിയിപ്പുകളും സ്ഥാപിക്കുന്നതും മിക്കയിടത്തും നാട്ടുകാരായ ചെറുപ്പക്കാരാണ്. പലപ്പോഴും സംഘമായെത്തുന്ന സഞ്ചാരികൾ വരുത്തുന്ന പരിസര മലിനീകരണം പരിഹരിക്കാനും ചിലപ്പോഴെങ്കിലും ഉണ്ടാവുന്ന സംഘർഷങ്ങൾ കൈകാര്യം ചെയ്യാനും നാട്ടുകാർക്കു കഴിയാറില്ല. മുതുകോരമല ട്രക്കിങ്ങിനിടയിൽ പല ഗ്രൂപ്പുകളും തിരിച്ചിറങ്ങാൻ വൈകി രാത്രി സമയത്ത് വഴിതെറ്റി പുൽപടർപ്പുകളിൽ കുടുങ്ങിയിട്ടുണ്ട്.
പൊലീസും അഗ്നിരക്ഷാസേനയും എത്തി ഇവരെ രക്ഷപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ മറികടക്കാൻ യാതൊരു ഔദ്യോഗിക സംവിധാനങ്ങളും നിലവിലില്ല.