സമർ എന്ന ബംഗാൾ കൃഷിപാഠം
Mail This Article
പാമ്പാടി ∙ കോൺക്രീറ്റ് കുഴയ്ക്കാൻ മാത്രമല്ല, തൂമ്പയെടുത്തു പറമ്പിലിറങ്ങാനും, മണ്ണറിഞ്ഞ് കൃഷി ചെയ്യാനും അറിയാതെ സമർ കേരളത്തിലേക്കു വരുമെന്നു ആരെങ്കിലും കരുതിയോ?, ഹിറ്റ് സിനിമാ ഡയലോഗ് പോലെയാണ് സമർ. ബംഗാളിൽ നിന്ന് ഹോളോബ്രിക്സ് കമ്പനിയിലെ ജോലിക്കായി പാമ്പാടിയിലെത്തിയ സമർ സമീപത്തെ തരിശു നിലത്തു നിന്നു വിളയിച്ചത് 5000 കിലോയിൽ അധികം പടവലങ്ങ. ഒപ്പം പാവയ്ക്ക, പീച്ചിങ്ങ, പയർ എന്നിവയും സമറിന്റെ അധ്വാനക്കരുത്തിൽ സമൃദ്ധിയായി ഈ മണ്ണിൽ വിരിയുന്നു. മാന്തുരുത്തി –ആലാംപള്ളി റോഡിൽ സഞ്ചരിക്കുന്നവർക്കു കാരിമുട്ടം ഹോളോബ്രിക്സ് കമ്പനിയുടെ സമീപത്തേക്കു നോക്കിയാൽ കാണാം സമറിന്റെ കൃഷി.
ബംഗാൾ സിലുഗുഡി സ്വദേശിയായ സമർ ഒരു വർഷം മുൻപാണ് സൗത്ത് പാമ്പാടിയിലെ ഹോളോബ്രിക്സ് കമ്പനിയിൽ ജോലിക്ക് എത്തിയത്. താമസവും കമ്പനിയിൽ തന്നെയാണ്. ഇതിനു ചേർന്നു കിടക്കുന്ന തരിശുഭൂമിയിൽ കൃഷി ഇറക്കാൻ ഉടമയോട് ചോദിച്ചപ്പോൾ പൂർണസമ്മതം. ബംഗാളിൽ പച്ചക്കറി കർഷകരാണ് സമറിന്റെ മാതാപിതാക്കളായ ഗിരൺ ദാസും അഞ്ജലിയും. സഹോദരൻ തയ്യൽത്തൊഴിലാളിയും.ഹോളോബ്രിക്സ് കമ്പനിയിലെ ജോലി കഴിഞ്ഞാൽ സമർ രാത്രി പച്ചക്കറിത്തോട്ടത്തിലേക്കിറങ്ങും. വെള്ളം നനയ്ക്കൽ രാത്രിയിലാണ്. പുലർച്ചെ എഴുന്നേറ്റ് കൃഷി ഒരുക്കൽ, പന്തൽ ഇടീൽ തുടങ്ങിയ ജോലികൾ പൂർത്തീകരിക്കും. കമ്പനിയിൽ ഇടവേള കിട്ടിയാൽ ഉടൻ വീണ്ടും തോട്ടത്തിൽ എത്തും. കറുകച്ചാൽ, പാമ്പാടി എന്നിവിടങ്ങളിലാണ് വിപണനം. 6 മാസം മുൻപാണ് കൃഷി തുടങ്ങിയത്. രണ്ടാം ഘട്ട കൃഷി ആരംഭിക്കാൻ ഒരുക്കത്തിലാണ് സമർ.