സമ്മർദങ്ങൾ ഫലിച്ചു, ചട്ടങ്ങൾ അയഞ്ഞു; വാകമരം മുറിച്ചു തുടങ്ങി
Mail This Article
ഇടമല ∙ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഇടമലയിൽ അങ്കണവാടിക്കു സമീപം അപകടാവസ്ഥയിൽ നിന്നിരുന്ന വാകമരത്തിനു കത്തി വീണു. വാകമരം അങ്കണവാടിക്കു ഭീഷണിയാണെന്നും വെട്ടി മാറ്റണമെന്നുമുള്ള ആവശ്യങ്ങൾക്കു കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്നലെയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്. വാർഡ് മെംബർ ആനിയമ്മ സണ്ണിയാണു പരാതിയുമായി ആദ്യം രംഗത്തെത്തിയത്.
പൊതുമരാമത്ത് വകുപ്പിലും പഞ്ചായത്തിലും ജില്ലാ കലക്ടർക്കും പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് കാലതാമസം വരുത്തി. തുടർന്ന് മരത്തിന്റെ അപകടാവസ്ഥയും കുട്ടികൾക്കുണ്ടാകാവുന്ന ഭീഷണിയും കാണിച്ചു മലയാള മനോരമ വാർത്ത നൽകിയതോടെയാണ് നടപടികൾക്ക് തുടക്കമായത്.
ഇതിനിടെ വാർത്തയുടെ അടിസ്ഥാനത്തിൽ അങ്കണവാടി ഇവിടെ നിന്നും മാറ്റി പ്രവർത്തിപ്പിക്കാൻ സാമൂഹിക ക്ഷേമ വകുപ്പും നിർദേശം നൽകി. ഇതിനിടെ മരം ലേലം ചെയ്തു വെട്ടി മാറ്റുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് തുടങ്ങുകയും ചെയ്‍തു. എന്നാൽ ശനിയാഴ്ച ചേർന്ന മീനച്ചിൽ താലൂക്ക് സമിതിയിൽ മനോരമയിൽ മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച വാർത്തയിൽ നടപടി വേണമെന്നു സമിതിയംഗം പീറ്റർ പന്തലാനിയും ആവശ്യപ്പെട്ടു.
ഇതനുസരിച്ചു 10 ദിവസത്തിനകം മരം വെട്ടി മാറ്റി റിപ്പോർട്ട് നൽകാൻ തഹസിൽദാർ പൊതുമരാമത്തു വകുപ്പിനു നിർദേശം നൽകി. ഇതിനിടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ടു. മരം മുറിച്ച് അവിടെത്തന്നെ അടുക്കി വയ്ക്കാനും പിന്നീട് ലേലം ചെയ്യാനും പൊതുമരാമത്തു വകുപ്പിനു നിർദേശം നൽകി. തുടർന്ന് ഇന്നലെത്തന്നെ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി. അടുത്ത ദിവസം തന്നെ തായ്ത്തടിയും മുറിച്ചു മാറ്റും.