ADVERTISEMENT

ചങ്ങനാശേരി ∙ വാഴപ്പള്ളി കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന ‘മുടിയെടുപ്പ്’ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ 21നാണ് ഇത്തവണത്തെ മുടിയെടുപ്പ്.

താളം ചവിട്ട് ഇന്ന് മുതൽ

മുടിയെടുപ്പ് ഉത്സവത്തിന് തുടക്കം കുറിച്ചുള്ള താളം ചവിട്ട് ഇന്ന് ആരംഭിക്കും. ഇതിനായുള്ള കുലവാഴ എഴുന്നള്ളത്ത് വൈകിട്ട് 4.30 ന് വാദ്യഘോഷങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പെരുന്ന മാരണത്തുകാവ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 7.30ന് ക്ഷേത്ര മൈതാനത്ത് താളം ചവിട്ട് ആരംഭിക്കും. 8.30ന് ദേവസംഗീതം. 

ഭൈരവി ഉറച്ചിലിന്റെ പരിശീലനമായ താളം ചവിട്ട് 40 ദിവസം ഉണ്ടാകും. ഓരോ ദിവസവും ആഘോഷമായി വിവിധ ഭവനങ്ങളിൽ നിന്ന് കുലവാഴ കൊണ്ടുവരും. ദിവസവും രാത്രി 7.30നാണ് താളം ചവിട്ട്. ഈ ദിവസങ്ങളിൽ തെയ്യം, പടയണി, ചെട്ടികുളങ്ങര കുത്തിയോട്ടം, ചുവടും പാട്ടും, അയ്യപ്പൻപാട്ട് തുടങ്ങിയ കലാരൂപങ്ങളും മറ്റു കലാപരിപാടികളും താളം ചവിട്ടിന് ശേഷം നടത്തും.

മുടിയെടുപ്പ്

മുടിയെടുപ്പ് ദിനമായ ഏപ്രിൽ 21ന് രാവിലെ 4ന് ദേശത്തിന്റെ 4 അതിർത്തികളിൽ ശംഖ് വിളിച്ച് പുറക്കളം അറിയിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.5.30ന് ചാന്താട്ടം, 7ന് മധു എഴുന്നള്ളത്ത്, കുലവാഴ ഘോഷയാത്ര, തുടർന്ന് പ്രസന്നപൂജ, 10ന് വലിയഗുരുതി, 3ന് മുടിയുടെ ദൃഷ്ടിയിടൽ ചടങ്ങ്, 3.30ന് മുടി എഴുന്നള്ളത്ത്, മുടിപൂജ, വൈകിട്ട് 7ന് വിശേഷാൽ ദീപാരാധന, തുടർന്ന് കുലവാഴ സ്ഥാപിക്കും. വലിയ ഗുരുതി. 

8ന് ശേഷം ഭൈരവി പുറപ്പാട്, ഭൈവരി ഉറച്ചിൽ. രാത്രി 12ന് പോരിനു വിളി.തുടർന്ന് ദാരികനു പിന്നാലെ പായുന്ന ഭൈരവി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിലെത്തുമ്പോൾ അത്താഴ ശ്രീബലി പ്രദക്ഷിണം കാണും. അച്ഛനെ കണ്ട സന്തോഷത്തിൽ ആനന്ദനൃത്തം ചവിട്ടുന്ന ഭൈരവി പിതാവിനോടൊപ്പം പ്രദക്ഷിണം പൂർത്തിയാക്കി മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി വിഷുക്കൈനീട്ടവും ഓണപ്പുടവയും ഏറ്റുവാങ്ങി ദാരികാന്വേഷണം തുടരും.

ചങ്ങഴിമുറ്റം ക്ഷേത്രത്തിൽ എത്തി അവിടെ നിന്ന് തെക്കേ പുറക്കളത്തിലും തുടർന്ന് പള്ളത്തുമഠം, പാപ്പാടി ഹനുമാൻ ക്ഷേത്രം, കണ്ണംപേരൂർ മഠം എന്നിവിടങ്ങളിൽ ഇറക്കിപ്പൂജയ്ക്കു ശേഷം ഭക്തജനങ്ങളുടെ സ്വീകരണവും ഏറ്റുവാങ്ങി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ നടവഴി കൽക്കുളത്തുകാവിൽ തിരിച്ചെത്തും. 

ഇവിടെ ദാരിക ശിരസ്സ് കണ്ട് കലിയടങ്ങുന്നതോടെ തുടർച്ചയായ 30ൽ അധികം മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന മുടിയെടുപ്പ് ചടങ്ങുകൾ അവസാനിക്കുമെന്നു പ്രസിഡന്റ് കെ.ആർ.ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ.ബാലകൃഷ്ണപിള്ള, ജനറൽ കൺവീനർ എം.ബി.രാജഗോപാൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com