ചെറുവള്ളിക്കാവ് കുംഭപ്പൂരം ആറാട്ട് ഇന്ന്
Mail This Article
പാമ്പാടി ∙ ചെണ്ടമേളത്തിന്റെ താളത്തിൽ എത്തിയ ഘോഷയാത്രകളാൽ വീഥിയെ വർണാഭമാക്കി ചെറുവള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ കുംഭപ്പൂരം ആഘോഷം. ഇന്നലെ രാവിലെ തുടങ്ങിയ ആഘോഷം രാത്രി വരെ നീണ്ടു. ഇന്ന് ആറാട്ടോടെ ഉത്സവ ചടങ്ങുകൾ സമാപിക്കും. ആയിരക്കണക്കിനു ഭക്തരാണ് ദേവിയുടെ തിരുനാൾ ദിനത്തിൽ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്. 18 പാട്ടമ്പലങ്ങളിൽ നിന്നു നിരയായി കുംഭകുട ഘോഷയാത്രകൾ ക്ഷേത്രത്തിലേക്കു ഒഴുകിയെത്തി.
മഞ്ഞൾ നിറമണിഞ്ഞു ഭക്തജന സമൂഹം താളത്തിൽ ചുവടു വച്ചു കുംഭകുടങ്ങൾ ആടി. രാവിലെ തന്നെ പാട്ടമ്പലങ്ങളിൽ നിന്നു ഘോഷയാത്രകൾ പുറപ്പെട്ടു. ദേവസ്വത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രമുറ്റത്ത് ഘോഷയാത്രയ്ക്കു സ്വീകരണം നൽകി. തുടർന്നു കുംഭകുടങ്ങളുടെ അഭിഷേകം നടത്തി.
ഇന്ന് വൈകിട്ട് 4ന് ആറാട്ട് പുറപ്പാട് നടത്തും. പൊത്തൻപുറം ആറാട്ട് കടവിൽ 5ന് ആറാട്ടിനെ തുടർന്നു പട്ടും താലിയും വഴിപാട് സമർപ്പണം. 6ന് ആറാട്ട് എതിരേൽപ് ഘോഷയാത്ര. തുടർന്നു ദേശ വഴികളിൽ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി രാത്രി 9ന് ക്ഷേത്രത്തിൽ എത്തിച്ചേരും.