വനിതാദിനത്തിൽ അപൂർവ സൗഭാഗ്യം; നാലു തലമുറകളെ കണ്ട് ത്രേസ്യ സ്കറിയ
Mail This Article
ഈരാറ്റുപേട്ട ∙ ഒരു വനിതാദിനം കൂടി പിന്നിടുമ്പോൾ നാലു തലമുറകളെ കാണാൻ ഭാഗ്യം ലഭിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് ഇടമറുക് കുന്നത്ത് ത്രേസ്യ സ്കറിയാ. പ്രായം 106 തികഞ്ഞെങ്കിലും പ്രിയപ്പെട്ടവരുടെ കുഞ്ഞു പെണ്ണ് ഇന്നും ചുറുചുറുക്കോടെ ഓടി നടക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രേസ്യയ്ക്ക് വനിതാ ദിനത്തിൽ ആദരം നൽകി. വനിതാദിന പ്രത്യേകതകളെക്കുറിച്ച് ബോധ്യമില്ലെങ്കിലും മകളും, ഭാര്യയും അമ്മയും, മുത്തശ്ശിയും മുതുമുത്തശ്ശിയുമൊക്കെയായി ജീവിക്കാൻ കഴിയുന്നതിന്റെ സന്തോഷമാണ് ത്രേസ്യ സ്കറിയയ്ക്ക്.
അമ്മയെ കഴുത്തിൽ കയർ മുറുക്കി കൊന്ന കേസിൽ മകൻ അറസ്റ്റിൽ
66 വർഷം മുൻപ് ഭർത്താവ് സ്കറിയ വീടിന്റെ ഉത്തരവാദിത്വം ഏൽപിച്ചു മരണത്തിനു കീഴടങ്ങുമ്പോൾ ത്രേസ്യയ്ക്കു പ്രായം 40. പിന്നീട് കുന്നത്തു വീടിന്റെ അപ്പനും അമ്മയും എല്ലാം ത്രേസ്യ ആയിരുന്നു. പ്രിയപ്പെട്ടവർക്കിടയിൽ കുഞ്ഞു പെണ്ണെന്നാണു അറിയപ്പെടുന്നത്. പ്രായം 106 പിന്നിട്ടെങ്കിലും 16 കാരിയുടെ മനസ്സാണ്. പ്രായാധിക്യം മൂലമുള്ള വിഷമതകൾ ഒഴിവാക്കിയാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. പരസഹായം കൂടാതെ ഇപ്പോഴും നടക്കാൻ കഴിയും ചെടികൾക്കു ചുവട്ടിലെ കളകൾ പറിക്കുന്നതിനുമെല്ലാം കൊച്ചു മക്കളുടെ മക്കൾക്കൊപ്പം ഇന്നും സജീവമാണ്. അൽപം കേൾവിയ്ക്കും പല്ലിന്റെ എണ്ണത്തിലുള്ള കുറവു മാത്രമാണ് ആകെയുള്ളത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കാര്യങ്ങൾ ഇന്നും ഓർത്തെടുക്കും.
നാലാം ക്ലാസ് വരെ സ്കൂളിൽ പോയ കാര്യങ്ങളെല്ലാം ഇന്നും ഓർമയിലുണ്ട്. ശാസ്ത്രീയമായ പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും ഉള്ളിൽ നല്ലൊരു ഗായികയുമുണ്ട്. പല്ലു കൊഴിഞ്ഞ മോണകൾക്കിടയിലൂടെ വരുന്ന ഗാന ശകലങ്ങൾ തിരിച്ചറിയാൻ പ്രയാസമുണ്ടെങ്കിലും മനസ്സിപ്പോഴും ചെറുപ്പമാണ് എന്നതിനു മറ്റൊരു തെളിവു വേണ്ട. 3 മക്കളാണ് ത്രേസ്യയ്ക്കുള്ളത്. ഇളയ മകൻ സ്കറിയയ്ക്കും കുടുംബത്തിനുമൊപ്പമാണ് താമസം.
സ്കറിയയുടെ കൊച്ചുമക്കളാണ് ഇപ്പോൾ പ്രധാന കൂട്ടുകാർ. മേലുകാവ് പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ത്രേസ്യ . ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസിന്റെ നേതൃത്വത്തിൽ ത്രേസ്യയ്ക്ക് ആദരവും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല ഷാളണിയിച്ച് ആദരിച്ചു.