ADVERTISEMENT

വെള്ളൂർ ∙ വട്ടമിട്ടു പറന്ന് കുട്ടികളെ ശല്യം ചെയ്തിരുന്ന പരുന്ത് അവസാനം കൂട്ടിലായി. ഇറുമ്പയം കല്ലുങ്കൽ ഭാഗത്ത് കഴിഞ്ഞ രണ്ടാഴ്ചയായി നാട്ടുകാർക്ക് ഭീഷണിയായിരുന്ന പരുന്തിനെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പിടികൂടി. വനംവകുപ്പിന്റെ ലൈസൻസുള്ള കാരിക്കോട് സ്വദേശി കെ.ശ്രീകാന്താണ് പരുന്തിനെ പിടികൂടിയത്. വനംവകുപ്പിന്റെ സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി പരുന്തിനെ പിടിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പരുന്ത് ഉയർന്ന മരത്തിൽ ഇരിപ്പ് ഉറപ്പിച്ചതിനാൽ പിടികൂടാനായില്ല.

തുടർന്ന് പഞ്ചായത്തംഗം ലിസി സണ്ണിയുടെ നേതൃത്വത്തിൽ ശ്രീകാന്തിനെ ബന്ധപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കൂറോളം സമയമെടുത്ത് പറമ്പിൽ പച്ചമീൻ നിരത്തി പരുന്തിനെ ആകർഷിച്ച് പിടികൂടുകയായിരുന്നു. പാലക്കോട്ടിൽ പ്രകാശന്റെ വീട്ടുമുറ്റത്തു നിന്നാണ് പരുന്തിനെ പിടികൂടിയത്. രണ്ടാഴ്ചയായി കല്ലുങ്കൽ ഭാഗത്ത് താഴ്ന്ന് വട്ടമിട്ടു പറന്ന  പരുന്ത് നാട്ടുകാരെ ശല്യം ചെയ്തിരുന്നു. വീട്ടുമുറ്റത്ത് കുട്ടികൾ കളിക്കാൻ ഇറങ്ങുമ്പോൾ പരുന്ത് ശബ്ദമുണ്ടാക്കി ഓടി വന്നിരുന്നു. മുറ്റത്ത് ഉണക്കാനിടുന്ന വസ്തുക്കൾ കൊത്തി നശിപ്പിച്ചിരുന്നു.

മീനും ഇറച്ചിയും വാങ്ങി പോകുന്നവർക്കു നേരെ ഭക്ഷണത്തിനായി പരുന്ത് പെട്ടെന്ന് പറന്നുചെന്നിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കൊല്ലംകുന്നേൽ‍ അജിതയുടെ മകൻ അബിരാജ് (8), പറപ്പള്ളിൽ അനാമിക (8), പ്ലാംതടത്തിൽ ശിവതീർഥ (8), സുധിയുടെ മകൾ കൃഷ്ണപ്രിയ (8) എന്നീ കുട്ടികൾക്ക് പരുക്കേറ്റിരുന്നു. ആക്രമിക്കാൻ വന്ന പരുന്തിനെ കണ്ട് ഭയന്നോടുന്നതിനിടെയാണ് മിക്കവർക്കും പരുക്കേറ്റത്. പിടികൂടിയ പരുന്തിനെ പാറമ്പുഴ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർക്ക് കൈമാറിയതായി കെ.ശ്രീകാന്ത് പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com