ADVERTISEMENT

തലയോലപ്പറമ്പ്∙ തലയോലപ്പറമ്പ് – എറണാകുളം റൂട്ടിൽ പ്രധാന ജംക്‌ഷനുകളിൽ ഒന്നാണ് വെട്ടിക്കാട്ടുമുക്ക് ജംക്‌ഷൻ. പ്രധാന റോഡിന് പുറമേ ചന്തപ്പാലം, അടിയം ഭാഗത്തു നിന്നും എത്തി വെള്ളൂരിലേക്കും  തിരിച്ചും പോകാൻ സാധിക്കും. താഴ്ന്ന ഭാഗത്തു നിന്നു കയറ്റം കയറിയാണ് അടിയം ഭാഗത്തു നിന്നും, വെള്ളൂർ ഭാഗത്തു നിന്നുമുള്ള റോഡിലൂടെ വാഹനങ്ങൾ ജംക്‌ഷനിലേക്ക് എത്തുന്നത്. ജംക്‌ഷനിൽ നിന്നു തിരിച്ച് ഇറക്കഭാഗവും. താഴ്ന്ന ഭാഗത്തു നിന്നു കയറി വരുന്ന വാഹനങ്ങൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ പ്രധാന റോഡിലൂടെ എത്തുന്ന വാഹനവുമായി ഇടിച്ച് അപകടം സംഭവിക്കും.

∙ ജംക്‌ഷനെ മറച്ച് കടകൾ 

ഇവിടെയുള്ള പല വ്യാപാര സ്ഥാപനങ്ങളും റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മറയാകുന്നു എന്ന് ആരോപണമുണ്ട്. അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും ജംക്‌ഷനിലെ അപകട സാധ്യത വർ‍ധിപ്പിക്കുന്നു. അപകടങ്ങൾ ഇവിടെ തുടരുമ്പോഴും മതിയായ ദിശാ ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. മിക്ക വാഹനങ്ങളും അമിത വേഗത്തിലാണ് ജംക്‌ഷനിലൂടെ കടന്നു പോകുന്നത്. 

∙ അപകട സാധ്യത കൂടും

ചന്തപ്പാലം – മുളക്കുളം റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. റോഡിന്റെ പണി പൂർത്തിയാകുന്നതോടെ കൂടുതൽ തിരക്കേറും. വെള്ളൂർ കെപിപിഎൽ, കെആർഎൽ മുതലായ വ്യാവസായിക മേഖലകളിലേക്ക് പോകാനായി കൂടുതൽ വാഹനങ്ങൾ വെട്ടിക്കാട്ടുമുക്കിലൂടെ കടന്നു പോകും. അപ്പോഴും ജംക്‌ഷനിൽ ഇതേ സ്ഥിതി ആണെങ്കിൽ അപകടങ്ങൾ തുടർ‍ക്കഥ ആയേക്കാം. 

∙ജനങ്ങളുടെ ആവശ്യം

∙ വെട്ടിക്കാട്ടുമുക്ക് ജംക്‌ഷന് വീതി കൂട്ടണം. 

∙ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സ്ഥാനം പുനർനിർണയിക്കണം.

∙ ഗതാഗതം നിയന്ത്രിക്കാനായി സ്ഥിരമായി പൊലീസിന്റെ സേവനം ആവശ്യമാണ്.

∙ അടിയം ഭാഗത്തു നിന്നും, വെള്ളൂർ ഭാഗത്തു നിന്നും ജംക്‌ഷനിലേക്ക് എത്തുന്ന വഴികളുടെ ഘടന പരിശോധിക്കണം.

പൊലിഞ്ഞതു രണ്ടു ജീവൻ; ആരുടെ ഭാഗത്താണ് തെറ്റ്?

വെള്ളിയാഴ്ച വൈകിട്ട് വെള്ളൂർ ഭാഗത്തു നിന്നു തലയോലപ്പറമ്പ് എറണാകുളം റൂട്ടിലേക്ക് കയറി വന്ന സ്കൂട്ടറിൽ വടകര ഭാഗത്തു നിന്നെത്തിയ സ്വകാര്യ ബസ് ഇടിച്ച് താഴപ്പള്ളി വലിയവീട്ടിൽ രാജൻ (71), വെട്ടിക്കാട്ടുമുക്ക് എടപ്പനാട്ട് പൗലോസ് (68) എന്നിവരുടെ ജീവനാണു പൊലിഞ്ഞത്. 

വെട്ടിക്കാട്ടുമുക്കിന് സമീപത്തെ സിമന്റ് ഇഷ്ടിക നിർമാണ കമ്പനിയിലെ മാനേജരായ പൗലോസും,ഡ്രൈവർ രാജനും ചായ കുടിക്കാനായി ഉദയാപറമ്പത്ത് ഭാഗത്തേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കാനായി ബസ് നിർത്തുമെന്ന കണക്കുകൂട്ടലിലാകാം ഇവർ സ്കൂട്ടറുമായി റോഡിനു നടുവിൽ എത്തിയതെന്നാണ് ദൃക്സാക്ഷികളുടെ നിഗമനം. 

സ്വകാര്യ ബസിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ നിന്നുള്ള അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ആരുടെ ഭാഗത്താണ് തെറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com