പൂഞ്ഞാർ മണ്ഡലത്തിൽ 1000 കോടിയുടെ ശുദ്ധജല പദ്ധതിക്കു ഭരണാനുമതി
Mail This Article
ഈരാറ്റുപേട്ട ∙ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷനിൽ 1000 കോടി രൂപയുടെ സമ്പൂർണ ശുദ്ധജല പദ്ധതിക്കു ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തിടനാട്, തീക്കോയി, മുണ്ടക്കയം, കോരുത്തോട്, പാറത്തോട്, എരുമേലി പഞ്ചായത്തുകളിലുമായി 75000ൽ പരം വീടുകളിൽ ഹൗസ് കണക്‌ഷൻ വഴി ശുദ്ധജലം എത്തിക്കുന്നതിനാണ് 1000 കോടി രൂപ അടങ്കൽ തുകയുടെ പദ്ധതി.ജലജീവൻ മിഷനിലൂടെ ജില്ലയിൽ ഏറ്റവും കൂടുതൽ തുക പൂഞ്ഞാറിനാണു ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു.
മലങ്കര ഡാമിൽ നിന്ന് വെള്ളം
ഈരാറ്റുപേട്ട നഗരസഭ, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തിടനാട്, തീക്കോയി ഗ്രാമപ്പഞ്ചായത്തുകൾക്കായി മലങ്കര ഡാമിൽ നിന്നു വെള്ളമെത്തിക്കും. ഇതിനായി കടനാട് പഞ്ചായത്തിലെ നീലൂരിൽ ഒരേക്കർ സ്ഥലത്ത് 98 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിക്കും. 45 ദശലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റാകും നിർമിക്കുക. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തിടനാട്, തീക്കോയി പഞ്ചായത്തുകളിലെ വിതരണത്തിനായി നീലൂർ പ്ലാന്റിൽ നിന്ന് പൂഞ്ഞാർ വെട്ടിപ്പറമ്പിൽ 24 ലക്ഷം ലീറ്ററിന്റെ സംഭരണിയും നിർമിക്കും.ഈരാറ്റുപേട്ട നഗരസഭയിൽ ജല അതോറിറ്റിയുടെ കീഴിലുള്ള റൂറൽ വാട്ടർ സപ്ലൈ സ്കീം വിപുലീകരിക്കും. അമൃത് പദ്ധതിയിൽപെടുത്തി മലങ്കരയിൽ നിന്ന് എത്തിക്കുന്ന വെള്ളം വിതരണം ചെയ്യും.
പെരുന്തേനരുവി
നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ എരുമേലി പഞ്ചായത്തിലെ പെരുന്തേനരുവിയിൽ പമ്പയാറ്റിൽ നിർമിച്ച പമ്പ് ഹൗസ് വഴി വെള്ളം എത്തിക്കും. എരുമേലി പഞ്ചായത്തിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പൈപ്പുകൾ സ്ഥാപിക്കുക, കണക്‌ഷൻ നൽകുക എന്നിവ നടന്നു വരുന്നു.
മണിമലയാർ
മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകൾക്കായി മണിമലയാറ്റിലെ മൂരിക്കയത്ത് ചെക്ക് ഡാം നിർമിച്ച് വെള്ളം ശേഖരിക്കും. വെള്ളനാടി എസ്റ്റേറ്റ് ഭാഗത്ത് 17 കോടി രൂപ വിനിയോഗിച്ച് സ്ഥാപിക്കുന്ന 9 ദശലക്ഷം ലീറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിച്ച ശേഷമാകും ഈ ഭാഗത്തു വിതരണം.പാറത്തോട് പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതി വിപുലീകരിക്കും. മണിമലയാറ്റിലെ വലിയകയത്തിൽ നിന്നു വെള്ളം ശേഖരിച്ചു നിലവിലുള്ള പമ്പ് ഹൗസ് വിപുലീകരിച്ചു വെള്ളമെത്തിക്കും.