പാമ്പാടി ദയറ; നവീകരണം അവസാന ഘട്ടത്തിൽ
Mail This Article
പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആചരണത്തിന് ഒരുങ്ങുന്ന പാമ്പാടി ദയറയിൽ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. പെരുന്നാളിനു മുൻപ് ദയറയിൽ നടന്നുവരുന്ന നവീകരണ ജോലികൾ പരമാവധി പൂർത്തിയാകും. 31 മുതൽ ഏപ്രിൽ 10 വരെയാണ് പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ.2 കോടി രൂപയോളം ചെലവിലാണ് ദയറയുടെ മുഖഛായ മാറ്റുന്ന നവീകരണ ജോലികൾ നടന്നു വരുന്നത്. കബർ മുറിയും പള്ളിയുടെ ഉൾവശവും തേക്കിന്റെ പാനൽ കൊണ്ടു പൊതിയുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. കാത്സ്യം സിലിക്കേറ്റ് ഉപയോഗിച്ചുള്ള മെറ്റീരിയൽ കൊണ്ടു സീലിങ് ജോലികൾ പൂർത്തീകരിച്ചു. ദയറയുടെ കവാടത്തിൽ പുതിയ കമാനത്തിന്റെ പണികൾ അവസാനഘട്ടത്തിലാണ്. ചുറ്റുമതിലിന്റെ പണികൾ പൂർത്തിയാകുന്നു. പുതിയ റിങ് റോഡ് നിർമാണം നടത്തിയിട്ടുണ്ട്.
പെരുന്നാൾ സമയത്ത് വൺ വേ ക്രമീകരിക്കാൻ ഈ റിങ് റോഡ് ഉപകരിക്കും. റോഡിന്റെ ടാറിങ് ജോലികൾ പിന്നീട് നടത്തും. 100 കാറുകൾ പാർക്ക് ചെയ്യാൻ പുതിയതായി ദയറയുടെ മുന്നിൽ സൗകര്യം ലഭിച്ചു. കബർ മുറി, മദ്ബഹ, വരാന്ത എന്നിവിടങ്ങളിൽ ഗ്രാനൈറ്റ് വിരിക്കുന്ന ജോലികൾ പൂർത്തിയായി.മേൽക്കൂര സെറാമിക് ടൈലുകൾ കൊണ്ടു നവീകരിച്ചു. പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഭക്ഷണശാലയും പ്രധാന കവാടത്തിനോട് ചേർന്നു ക്രമീകരിക്കുന്നുണ്ട്.
പെരുന്നാൾ കൊടിയേറ്റ് 31ന്
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാളിനു 31ന് വൈകിട്ട് 4ന് കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് കൊടിയേറ്റും. ഏപ്രിൽ 1ന് കോട്ടയം ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക വാർഷിക ധ്യാനം, ഒവിബിഎസ് അധ്യാപക വാർഷിക ധ്യാനം, ഒവിബിഎസ് അധ്യാപക സംഗമം, പാമ്പാടി തിരുമേനി അനുസ്മരണ അഖില മലങ്കര പ്രസംഗ മത്സരം എന്നിവ നടത്തും.3 മുതൽ 5 വരെ ദിനങ്ങളിൽ ധ്യാന പ്രസംഗങ്ങൾ. 9,10 ദിനങ്ങളിലാണ് പ്രധാന പെരുന്നാൾ. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും ചടങ്ങുകൾക്കു കാർമികത്വം വഹിക്കും.