ഏറ്റുമാനൂർ ക്ഷേത്രം ഉപദേശക സമിതി തിരഞ്ഞെടുപ്പിന് വൻ ജനത്തിരക്ക്
Mail This Article
ഏറ്റുമാനൂർ∙ ഹൈക്കോടതി നിർദേശ പ്രകാരം മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ നടന്ന ഉപദേശക സമിതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനെത്തിയത് നൂറുകണക്കിനു ഭക്തജനങ്ങൾ. അഞ്ഞൂറോളം പേരാണ് എത്തിയത്. പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന അന്തരീക്ഷമായിരുന്നു ക്ഷേത്രപരിസരത്ത്. അംഗത്വപ്പട്ടികയിൽ പേരുള്ള ഭൂരിഭാഗം ആളുകളും എത്തിയതോടെ നടപടികൾക്കു കാലതാമസമുണ്ടായി.
ചിലർ ഏറെ നേരം കാത്തു നിന്ന ശേഷം മടങ്ങി. രാവിലെ എത്തിയ ഭക്തജനങ്ങളിൽ പലരും ഭക്ഷണം പോലും ഉപേക്ഷിച്ച് തിരഞ്ഞെടുപ്പു പൂർത്തിയാകുന്നതു വരെ കാത്തുനിന്നു. രാവിലെ ആരംഭിച്ച റജിസ്ട്രേഷൻ നടപടികൾ പോലും വൈകിട്ട് നാലോടെയാണ് പൂർത്തിയായത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കാണ് ഇന്നലെ ഏറ്റുമാനൂർ സാക്ഷ്യം വഹിച്ചത്. രാവിലെ 10നു തുടങ്ങിയ തിരഞ്ഞെടുപ്പു പ്രക്രിയകൾ വൈകിട്ട് 6.45നാണു സമാപിച്ചത്.
തിരഞ്ഞെടുപ്പ് വേദിയായ ദേവസ്വം കൈലാസ് ഓഡിറ്റോറിയത്തിനു സമീപത്തേക്ക് രാവിലെ 8 മുതൽ ഭക്തജനങ്ങൾ എത്തിത്തുടങ്ങി. തിരഞ്ഞെടുപ്പു നിയന്ത്രണങ്ങൾ ഏറ്റെടുത്ത പൊലീസ് ഉദ്യോഗസ്ഥർ ഓഡിറ്റോറിയത്തിലേക്ക് ആളുകൾ കയറാതിരിക്കാൻ ഗേറ്റ് അടച്ചുപൂട്ടിയിരുന്നു.
ചൂട് കടുത്തതോടെ ആളുകൾ ബഹളം വച്ചു. റോഡിൽ വെയിലത്തു നിൽക്കുന്നവരെ അകത്തേക്കു പ്രവേശിപ്പിക്കണമെന്നായിരുന്നു ആവശ്യം. ദേവസ്വം ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ പൊലീസ് ഗേറ്റ് തുറന്നു. ആളുകൾ കൂട്ടത്തോടെ ഓഡിറ്റോറിയത്തിന്റെ വളപ്പിലേക്കു കടന്നു. മത്സര രംഗത്തുള്ള 361 പേരുടെ പേരെഴുതിയ കുറികൾ നറുക്കെടുപ്പിനായി വൈകിട്ട് നാലേകാലോടെ തയാറാക്കി. കൊടിമരച്ചുവട്ടിൽ 7 വയസ്സുകാരൻ സുദേവ് കുറിയെടുത്തു. 13 പേരെയാണു തിരഞ്ഞെടുത്തത്.
പുതിയ ഉപദേശക സമിതി നിലവിൽ വന്നു. പ്രഫ. സി.എൻ. ശങ്കരൻ നായർ ശ്രീശൈലം പ്രസിഡന്റും പ്രാരത്തിൽ സോമൻ ഗംഗാധരൻ സെക്രട്ടറിയുമായുള്ള 13 അംഗ സമിതിയെയാണ് തിരഞ്ഞെടുത്തത്. സജയകുമാർ കുഴിക്കാട്ട് പറമ്പിൽ (വൈ. പ്രസി), ആർ. വിശ്വനാഥ് ശാന്തി ഭവൻ, വി.ജി. നന്ദകുമാർ വട്ടമറ്റത്തിൽ, ശശിധരൻ നായർ സതീഷ് ഭവൻ, വിശാഖ് എം. ലക്ഷ്മിപുരം, സി.പി. പ്രകാശ് നടുവീട്, കെ.പി. ബിനു കൊട്ടാരത്തിൽ, പി.എം. സോമനാഥൻ നായർ പൗർണമി, എം. വിജയകുമാർ മൈലക്കണ്ടത്തിൽ, ടി.കെ. ദിലീപ് മാളിയേക്കൽ, വി.എൻ. സോമൻ നിലയ്ക്കൽ എന്നിവരാണ് മറ്റ് അംഗങ്ങൾ. സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി ഏറ്റുമാനൂർ എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.