നികുതി തന്നെ ഭാരം; നികുതി അടയ്ക്കൽ അതിലും ഭാരം
Mail This Article
കോട്ടയം ∙ സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാനിരിക്കെ നഗരസഭയിൽ നികുതി അടയ്ക്കാനെത്തുന്നവരുടെ നീണ്ട നിര തുടർന്നേക്കും. ഇന്നലെ കാര്യാലയത്തിന്റെ മുറ്റം വരെ നീളുന്ന ക്യൂ വായിരുന്നു.കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ അധികൃതർ ചെയ്തിട്ടില്ല
.പഴയ കുടിശികയും നടപ്പുവർഷത്തെ നികുതിയും കൂടുതൽ പിഴയില്ലാതെ അടയ്ക്കാനുള്ള അവസാന തീയതി ഇന്നായതിനാൽ ജനം റവന്യു ഓഫിസിൽ തിങ്ങിക്കൂടി നിന്നാണ് ഇന്നലെ പണം അടച്ചത്. നികുതിസ്വീകരിക്കുന്നതിനു നഗരസഭയിലെ ഓൺലൈൻ സംവിധാനം പൂർണമായും സജ്ജമാകാത്തതുംനീണ്ടനിര ഉണ്ടാകുന്നതിനു കാരണമായി.
7 വർഷത്തെ കെട്ടിട നികുതി ഒരുമിച്ച് പിരിക്കുന്നതിനാലാണ് വൻ തുക അടയ്ക്കേണ്ടിവരുന്നത്. നഗരസഭാ ആക്ട് പ്രകാരം 3 വർഷത്തെ നികുതി മാത്രമേ ഒരുമിച്ച് പിരിക്കാനാവൂ. എന്നാൽ ഇത്തവണ 7 വർഷത്തെ നികുതി പിരിവിനാണ് നഗരസഭ നോട്ടിസ് അയച്ചത്. ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയ കെട്ടിട ഉടമകൾക്ക് മാത്രമാണ് 3 വർഷത്തെ നികുതി അടയ്ക്കാൻ കഴിയുന്നത്.
അന്തിമ വിധി വരുമ്പോൾ ബാക്കി അടയ്ക്കാൻ കോടതി നിർദേശിച്ചാൽ തുക അടയ്ക്കേണ്ടിവരും. സർക്കാരാണ് നികുതി വർധിപ്പിച്ചതെന്ന വിശദീകരണമാണു നഗരസഭയുടേത്.2016ൽ പ്രാബല്യത്തിൽ വന്ന നികുതി വർധനവിന്റെ ഉത്തരവിറങ്ങുന്നത് 2019ലാണ്.തുടർന്ന് പ്രളയവും കോവിഡും മൂലം സർക്കാർ തന്നെ നികുതി അടയ്ക്കുന്നതിൽ ഇളവു നൽകി.ഇതേത്തുടർന്നാണ് 7 വർഷത്തെ നികുതി വന്നതെന്ന് നഗരസഭാധികൃതർ പറയുന്നു.