ഇനിയും തുറക്കാതെ തണ്ണീർമുക്കം ബണ്ട്; ബോട്ട് ജെട്ടി മുതൽ കോട്ടത്തോട് വരെ വെള്ളം മലിനം
Mail This Article
കുമരകം ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നില്ല. കുമരകം ജംക്‌ഷനിൽ എത്തിയാൽ ആളുകൾ മൂക്കു പൊത്തി പോകും. ബോട്ട് ജെട്ടി മുതൽ കോട്ടത്തോട് വരെയുള്ള ഭാഗത്തെ വെള്ളം മലിനമായതോടെ ദുർഗന്ധം വമിക്കുകയാണ്. തോട്ടിലെ വെള്ളത്തിനു കറുത്ത നിറമായി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ച് ഒഴുക്ക് നഷ്ടപ്പെട്ടതോടെ തോടിന്റെ ഒഴുക്കു നിലച്ചു.
പോള ചീഞ്ഞും മറ്റു മാലിന്യം എത്തിയുമാണു തോടു മലിനമായത്. തോട്ടിലൂടെ വള്ളങ്ങൾ ദുർഗന്ധം കൂടുതലാകുന്നു. ഏതാനും ദിവസമെങ്കിലും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നിരുന്നെങ്കിൽ തോട്ടിലെ മലിനജലം ഒഴുകി മാറി നല്ല വെള്ളം എത്തുമായിരുന്നു. തോടുകളിലെ പോള ഒഴുകി മാറുന്നതോടെ ജലഗതാഗതവും സുഗമമാകും.
മാർച്ച് 15ന് ഷട്ടറുകൾ തുറക്കുകയായിരുന്നു നേരത്തേയുളള പതിവ്. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി ഏപ്രിൽ പകുതിയോടെയാണു ഷട്ടറുകൾ തുറക്കുന്നത്. കുട്ടനാട്ടിലെ പുഞ്ചക്കൊയ്ത്ത് തീരാത്തതിനാൽ ആണു ഷട്ടറുകൾ തുറക്കാത്തത്. ഷട്ടറുകൾ തുറന്നാൽ കൃഷിയിടത്തിൽ ഉപ്പ് വെള്ളം കയറി നെല്ല് നശിക്കുമെന്ന് കർഷകരും എന്നാൽ, ഷട്ടറുകൾ രണ്ടോ മൂന്നോ ദിവസത്തേക്കു തുറന്നാൽ കുട്ടനാടൻ മേഖലയിൽ ഉപ്പ് വെള്ളം എത്തില്ലെന്നു നാട്ടുകാരും പറയുന്നു. പോള മൂലം ബോട്ട് ജെട്ടിയിൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് അടുക്കുന്നത് ഏറെ പാടുപെട്ടാണ്.