ദേവലോകം കഞ്ഞിക്കുഴി റോഡിലേക്കു പുതിയ പാലവും റോഡും; പുന്നയ്ക്കൽ ചുങ്കത്തു നിന്ന് പുതുപാത
Mail This Article
കോട്ടയം ∙ കുരുക്കഴിക്കാനും വികസനമെത്താനും പുതിയ വഴി എത്തുന്നു. നാട്ടകം ഗെസ്റ്റ് ഹൗസിന് സമീപം പുന്നയ്ക്കൽ ചുങ്കത്തിൽ നിന്ന് ദേവലോകം കഞ്ഞിക്കുഴി റോഡിലേക്കാണ് പുതിയ പാലവും റോഡും തുറക്കുക. കൊടൂരാറിലാണ് പാലം വരിക.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ 2015ൽ മന്ത്രിയായിരുന്നപ്പോഴാണ് പദ്ധതിക്ക് ബജറ്റിൽ 16 കോടി രൂപ അനുവദിച്ചത്. ടെൻഡർ നടപടി പൂർത്തിയാക്കിയിരുന്നു. എന്നാൽ ഭരണം മാറിയതോടെ പദ്ധതി നീണ്ടുപോയി. ഇപ്പോൾ എംഎൽഎയുടെ നിർദേശപ്രകാരം പദ്ധതിക്ക് മണ്ണുപരിശോധനയ്ക്കും മറ്റു നടപടികൾക്കുമായി തുക അനുവദിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്.
പദ്ധതി പൂർത്തിയാകുന്നതോടെ എംസി റോഡിൽ നിന്ന് ദിവാൻകവല, പുന്നയ്ക്കൽചുങ്കം വഴി ദേവലോകം, കഞ്ഞിക്കുഴി ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താം. പാറേച്ചാൽ ബൈപാസ്, ഈരയിൽക്കടവ് ബൈപാസ്, എംസി റോഡ് പാതകളെ ബന്ധിപ്പിക്കുന്നതാവും ഇത്. ഭാരവാഹനങ്ങൾ ഉൾപ്പെടെ പോകേണ്ടതിന്റെ ഭാഗമായി മണിപ്പുഴ ജംക്‌ഷൻ, ദിവാൻകവല, നാട്ടകം ഗെസ്റ്റ് ഹൗസ്, പുന്നയ്ക്കൽ ചുങ്കം ഭാഗങ്ങളിലെ റോഡുകളുടെ വികസനവും ഉദ്ദേശിക്കുന്നു.