പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ: പ്രദക്ഷിണത്തിന് വിശ്വാസി സഹസ്രങ്ങൾ
Mail This Article
പാമ്പാടി ∙ ‘പരിശുദ്ധ പാമ്പാടി തിരുമേനീ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ..’ ആയിരക്കണക്കിനു വിശ്വാസി മനസ്സുകളിൽ നിന്ന് ഒരേപോലെ ഉയർന്ന പ്രാർഥനയുമായി നടന്ന പ്രദക്ഷിണം പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആചരണത്തെ ആത്മീയ നിറവിലാക്കി.വീഥികളിൽ ആത്മീയ പ്രഭ ചൊരിഞ്ഞു നടന്ന പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തീർഥാടകർ എത്തി. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ മാതൃദേവാലയമായ പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്നു ദയറയിലേക്കാണു പ്രദക്ഷിണം നടന്നത്. തീർഥാടകരെ ദയറയിലും സെന്റ് ജോൺസ് കത്തീഡ്രലിലും സ്വീകരിച്ചു. കത്തീഡ്രലിൽ സന്ധ്യാനമസ്കാരം തുടങ്ങിയപ്പോൾ തന്നെ തീർഥാടകരെക്കൊണ്ടു പരിസരം നിറഞ്ഞു.
പരിശുദ്ധ തിരുമേനിയുടെ ചിത്രം ആലേഖനം ചെയ്ത കൊടികളും മുത്തുക്കുടകളുമായി വിശ്വാസികൾ അണിനിരന്നു. തടിക്കുരിശുകളും പ്രദക്ഷിണത്തിന് അഴകു ചാർത്തി. തിരുമേനിയുടെ ഛായാചിത്രത്തിനു മുന്നിൽ നിലവിളക്കും മെഴുകുതിരികളും ചെരാതുകളും തെളിച്ച് സ്വീകരണം നൽകി. പ്രാർഥനാ ഗാനങ്ങൾ അലയടിച്ച വീഥിയിലൂടെയാണു പ്രദക്ഷിണം നടന്നത്.കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, ഗീവർഗീസ് മാർ തെയോഫിലോസ്, സഖറിയ മാർ സേവേറിയോസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.
ദയറയിൽ സന്ധ്യാനമസ്കാരത്തിനു ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, സഖറിയ മാർ അന്തോണിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, സഖറിയ മാർ സേവേറിയോസ്, ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ കാർമികത്വം വഹിച്ചു. കബറിങ്കൽ ധൂപപ്രാർഥനയും നടന്നു. ഇന്ന് 8ന് മൂന്നിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിക്കും. പെരുന്നാൾ ആചരണം ഇന്നു സമാപിക്കും.