മരച്ചീനിക്കൃഷിയിൽ പുത്തൻ പരീക്ഷണം നടത്തി കർഷകർ
Mail This Article
കുറവിലങ്ങാട് ∙കാലാവസ്ഥാ വ്യതിയാനവും രോഗബാധയും വർധിച്ചതോടെ മരച്ചീനിക്കൃഷി മേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് കർഷകർ. കഴിഞ്ഞ വർഷം ചീയൽ രോഗം ബാധിച്ചു മരച്ചീനിക്കൃഷി വ്യാപകമായി നശിച്ചതോടെ തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയാണ് മരങ്ങാട്ടുപിള്ളി പ്രതീക്ഷ ക്ലസ്റ്റർ അംഗമായ റോബിൻ കല്ലോലി ഉൾപ്പെടെ കർഷകർ. കുമരകം കാർഷിക സർവകലാശാല കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ നടത്തിയ കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി.
കറുത്ത മിക്ചർ, ചാലക്കുടി ചുള്ളി തുടങ്ങിയ ഇനങ്ങളാണ് മേഖലയിൽ സാധാരണയായി കൃഷി ചെയ്യുന്നത്.ഇതിനൊപ്പം കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത എംഎൻഎസ് 13 എ പിങ്ക്, എംഎൻഎസ് 143, 255,48, എംഎൻ 247, ശ്രീസുവർണ, ശ്രീരക്ഷ, കാവേരി തുടങ്ങിയ ഇനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ടു. ആദ്യഘട്ടത്തിൽ 30 സെന്റ് സ്ഥലത്താണ് കൃഷി നടത്തിയത്. വിളവെടുത്തപ്പോൾ മെച്ചപ്പെട്ട വിളവ്. 6 മുതൽ 16 കിലോഗ്രാം വരെ കപ്പ ഒരു മൂട്ടിൽ നിന്നു ലഭിച്ചതായി കർഷകർ പറഞ്ഞു.