ദേ, കൈനീട്ടം; ചില്ലറയായി എത്തിയത് 15 കോടി രൂപ; ഒരു രൂപ നാണയങ്ങൾക്കു വൻ ഡിമാൻഡ്
Mail This Article
കോട്ടയം∙ കൈനീട്ടം കൊടുക്കാൻ ചില്ലറയില്ലാത്തവർക്ക് ആശ്വാസവുമായി ബാങ്കുകൾ. കൈനീട്ടമായി നൽകാൻ അച്ചടിച്ചതിന്റെ ചൂടു മാറാത്ത പുതുപുത്തൻ നോട്ടുകളാണ് ബാങ്കുകൾ ഒരുക്കിയിരിക്കുന്നത്. നാണയ ശേഖരവും തയാറാണ്. എസ്ബിഐ കോട്ടയം ബ്രാഞ്ചിൽ മാത്രം 15 കോടി രൂപയാണ് സീസൺ പ്രമാണിച്ച് ‘ചില്ലറയായി’ എത്തിച്ചത്. 100 രൂപയിൽ താഴെയുള്ള നോട്ടുകളും നാണയങ്ങളുമായിരുന്നു ഇതിൽ മുക്കാൽഭാഗവും. വിഷു എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തുകയുടെ നല്ലൊരു ശതമാനവും ആളുകൾ വാങ്ങിക്കൊണ്ടുപോയെന്നു ക്യാഷ് ഓഫിസർ പറഞ്ഞു.
പണവുമായെത്തി ചില്ലറകളാക്കി മടങ്ങുകയോ അക്കൗണ്ടിലെ തുകയിൽനിന്നു ചില്ലറയാക്കി പിൻവലിക്കുകയോ ചെയ്യാം. കറൻസി ചെസ്റ്റ് ബാങ്കായതിനാൽ മറ്റു ബാങ്കുകൾക്കും ഇവ നൽകുന്നുണ്ട്.10, 5 രൂപകളുടെ നാണയങ്ങൾക്കാണ് ആവശ്യക്കാരേറെ. സാധാരണ ദിവസങ്ങളിൽ 10,20 രൂപയുടെ നാണയങ്ങൾ വാങ്ങാൻ മടിക്കുന്നവരും വിഷുക്കാലമായാൽ നാണയങ്ങൾ തേടിയെത്തും.
ഒരു രൂപ നാണയങ്ങൾക്കും വൻ ഡിമാൻഡാണ്. എങ്കിലും പൊതുവേ നോട്ടുകളോടാണ് ജില്ലയ്ക്കു പ്രിയം. നോട്ടുകളിൽ 50, 100, 10 രൂപയ്ക്കും ആവശ്യക്കാരുണ്ട്. ചുളിവോ ഒടിവോ ഇല്ലാത്ത നോട്ടുകളാണ് എത്തിച്ചിരിക്കുന്നത്. വിഷു സീസൺ ലക്ഷ്യമിട്ട് ഇന്ന് എസ്ബിഐ പാലാ മെയിൻ ബ്രാഞ്ചിൽ നാണയ മേള സംഘടിപ്പിച്ചിട്ടുണ്ട്.